ആലപ്പുഴ: ഇരമത്തൂർ സ്വദേശി കല കൊല്ലപ്പെട്ടത് 2009 ഡിസംബർ ആദ്യ ആഴ്ചയിലെന്നു റിമാൻഡ് റിപ്പോർട്ട്. വലിയ പെരുമ്പുഴയിൽ വച്ചാണു കൊല്ലപ്പെട്ടതെന്നും പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. കലയുടെ മൃതദേഹവുമായി പ്രതികളെ കാറിൽ കണ്ടെന്നു പരാതിക്കാരൻ സുരേഷ് കുമാർ പൊലീസിനു മൊഴി നൽകിയിരുന്നു. കണ്ട സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു. തട്ടാരമ്പലം – വലിയ വലിയ പെരുമ്പുഴ പാലം – മാന്നാർ റോഡിൽ ഇരമത്തൂർ ചിറ്റമ്പലം ജംക്ഷനടുത്തു വച്ചാണു പ്രതികളെയും മൃതദേഹവും കണ്ടതെന്നാണു മൊഴി.
2009 ഡിസംബർ ആദ്യ ആഴ്ചയിലാണു കൊലപാതകം നടന്നതെന്ന് അന്വേഷണത്തിലും സാക്ഷിമൊഴികളിലും വ്യക്തമായെന്നു റിപ്പോർട്ടിലുണ്ട്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്നത് വലിയ പെരുമ്പുഴ പാലത്തിനടുത്തു വച്ചാണെന്നും അനിൽ വാടകയ്ക്കെടുത്ത കാറിൽ വച്ചാണെന്നും രണ്ടാം പ്രതി ജിനു ഗോപിയുടെ കുറ്റസമ്മതമൊഴിയിലുണ്ട്. സംഭവസ്ഥലം കാട്ടിത്തരാമെന്ന് പ്രതി പറഞ്ഞെങ്കിലും മറ്റു നടപടികൾ പൂർത്തിയാക്കേണ്ടതിനാൽ അതു സാധിച്ചില്ല. കോടതിയിൽനിന്നു കസ്റ്റഡിയിൽ വാങ്ങി സംഭവ സ്ഥലത്തെത്തിച്ച് മഹസർ തയാറാക്കണം. മൃതദേഹം മറവു ചെയ്തത് എവിടെയെന്നും കണ്ടെത്തണം. ഒന്നാം പ്രതിയുടെ അറസ്റ്റ്, മൃതദേഹവും കാറും എവിടെയെന്നും കാറിന്റെ ഉടമ ആരെന്നും കണ്ടെത്തൽ തുടങ്ങിയ നടപടികൾ ബാക്കിയുള്ളതിനാൽ പ്രതികളെ ജാമ്യത്തിൽ വിടരുതെന്നും റിമാൻഡ് ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.