ബംഗളൂരു: പ്രകൃതി വിരുദ്ധ പീഡനക്കേസിൽ അറസ്റ്റിലായ ജെ.ഡി-എസ് എം.എൽ.സി സൂരജ് രേവണ്ണയുടെ (37) ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 18 വരെ നീട്ടി. ജുഡീഷ്യൽ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിച്ചതോടെയാണ് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. 42ാമത് അഡീഷനൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ജുഡീഷ്യൽ കസ്റ്റഡി നീട്ടി ഉത്തരവിട്ടത്.
അതേസമയം, ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഹാസൻ മുൻ എം.പി പ്രജ്വൽ രേവണ്ണയെ ജയിലിൽ സന്ദർശിച്ച് പിതാവും ഹൊളെ നരസിപൂർ എം.എൽ.എയുമായ എച്ച്.ഡി. രേവണ്ണ. ബുധനാഴ്ച പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രജ്വൽ അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നത്. അതേസമയം, താൻ പ്രജ്വലിനെ ജയിലിൽ സന്ദർശിക്കില്ലെന്ന് ചൊവ്വാഴ്ച മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് എച്ച്.ഡി. രേവണ്ണ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം സന്ദർശനം നടത്തിയതെന്നത് കൗതുകകരമായി.
















