Food

ടേസ്റ്റിയും ഈസിയുമായ നല്ല അസ്സൽ മലബാർ ദംബിരിയാണി കുക്കറിൽ തയ്യാറാക്കാം | Malabar Dambiriyani

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് ബിരിയാണി. ബിരിയാണി പ്രേമികളാണ് ഒട്ടുമിക്ക ആളുകളും. ആഘോഷവേളകളിലെ പ്രധാന താരം ബിരിയാണിയാണ്. കിടിലൻ ടേസ്റ്റിൽ ഒരു ദം ബിരിയാണി തയ്യാറാക്കിയാലോ? റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • ബിരിയാണിറൈസ് – 1കിലോ
  • ഓയിൽ – 100എം എൽ
  • നെയ്യ് – 3ടേബിൾസ്പൂൺ
  • ബീഫ് /മട്ടൺ /ചിക്കൻ – മുക്കാൽ കിലോ
  • വലിയ തക്കാളി – 3എണ്ണം
  • സവാള വലുത് – 2എണ്ണം
  • പച്ചമുളക് – ആവശ്യത്തിന്
  • ഇഞ്ചി – ഒരിഞ്ച് നീളത്തിൽ വലിയ കഷ്ണം
  • വെളുത്തുള്ളി – പത്തോ പന്ത്രണ്ടോ
  • പുതിനായില,മല്ലിയില, കറിവേപ്പില – ആവശ്യത്തിന്
  • തൈര് – രണ്ട് ടേബിൾ സ്പൂൺ
  • ബിരിയാണിമസാല – ഒരു സ്പൂൺ നിറച്ച്
  • മഞ്ഞൾപൊടി – അരസ്പൂൺ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

ഇറച്ചി ഒരു ടേബിൾസ്പൂൺ വിനികറോ നാരങ്ങനീരോ ഒഴിച്ച് അര മണിക്കൂർ വെക്കണം. ഇനി ഇതിലേക്ക് വേണ്ട റൈസ് തയ്യാറാക്കണം. ഒരു പാത്രത്തിൽ ഓയിൽ ഒഴിച്ച് ചൂടായാൽ ഒരു സവാള കനംകുറച്ച് അരിഞ്ഞത് ചേർത്ത് വറുത്ത് കോരണം. താല്പര്യമുണ്ടെങ്കിൽ അണ്ടിയും മുന്തിരിയും വറുത്ത് എടുക്കാം. ശേഷം ഒരളവ് അരിക്ക് രണ്ടളവ് വെള്ളം എന്ന കണക്കിന് ഒഴിച്ചു കൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് തിളച്ചാൽ അരി ഇട്ട് ഇളക്കി അടച്ചു വെക്കണം. നന്നായി തിളച്ചാൽ ലോ ഫ്‌ളൈമിലാക്കി വേവിച്ചെടുക്കണം. വെന്ത് കുഴഞ്ഞു പോവരുത്.

ഇനി മാർനേറ്റ് ചെയ്ത് വെച്ച ഇറച്ചി ഒരു കുക്കറിൽ ഇടാം. കൂടെ പൊടിയായരിഞ്ഞ സവാളയും തക്കാളിയും ചേർക്കണം. പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ചതച്ചെടുത്തതും മല്ലിയില, പുതിനായില അരിഞ്ഞതും കറിവേപ്പിലയും ചേർക്കണം. ഇനി മഞ്ഞൾപൊടിയും ബിരിയാണിമാസലയും ഉപ്പും തൈരും ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ്‌ ചെയ്യണം. ശേഷം തയ്യാറാക്കിയ റൈസ് ഇതിനു മുകളിൽ നിരത്തി പ്രെസ്സ് ചെയ്തു കൊടുക്കണം. താല്പര്യമുണ്ടെങ്കിൽ വറുത്തുവെച്ച ഉള്ളി, അണ്ടി, മുന്തിരി എന്നിവ ഇതിനു മുകളിൽ ഇട്ടു കൊടുക്കാം. ഇനി വെയിറ്റ് ഇടാതെ കുക്കർ അടച്ച് ലോ ഫ്‌ളൈമിൽ അടുപ്പിൽ വെക്കാം. ആവി വന്നു തുടങ്ങുമ്പോൾ മാത്രം വെയിറ്റിട്ടാൽ മതി. വെയിറ്റിട്ട് കഴിഞ്ഞാൽ പതിനഞ്ചോ ഇരുപതോ മിനിറ്റ് കഴിഞ്ഞ് തീ ഓഫ് ആക്കാം. ആവി പോയികഴിഞ്ഞാൽ കുക്കർ തുറന്ന് ചോറ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി നെയ്യൊഴിച്ച് മിക്സ്‌ ചെയ്യണം.നല്ല സൂപ്പർ മണവും രുചിയുമുള്ള ദം ബിരിയാണി ചൂടോടെ സേർവ് ചെയ്തു കഴിക്കാം.