കുഴി മന്തി ഒരു രുചികരമായ അറേബ്യൻ വിഭവമാണ്. കേരളത്തിൽ ഇന്ന് ഭക്ഷണപ്രിയർ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണിത്. ചിക്കൻ, മട്ടൺ, ബീഫ് എന്നിവ ഉപയോഗിച്ച് കുഴിമന്തി തയ്യാറാക്കാം. സ്വാദിഷ്ടമായ കുഴിമന്തി വീട്ടിൽ തന്നെ ലളിതമായി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ -1 1/2 കിലോ
- ബസ്മതി അരി – 3 കപ്പ്
- ഉള്ളി -1
- തക്കാളി – 4
- പച്ചമുളക് – 3
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- കുരുമുളക് – 1 ടീസ്പൂൺ
- ഏലം – 10
- ഉപ്പ്
- വിനാഗിരി – 1 ടീസ്പൂൺ
- ചൂടുവെള്ളം – 6 കപ്പ്
- മാഗി ക്യൂബ് – 4 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു കിലോ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക. നാല് തക്കാളി മിക്സി ജാറിലേക്ക് ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റിവെച്ചിരിക്കുന്ന ചിക്കനിലേക്ക് ചേർത്ത് കൊടുക്കുക. ഇതിലേക്ക് മൂന്ന് പീസ് മാഗി ക്യൂബ് , ഒരു സവാള ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ കുരുമുളക്, 10 ഏലക്കായ, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് രണ്ട് ടീസ്പൂൺ ഓയിൽ കൂടി ചേർത്ത ശേഷം 10 മിനിറ്റ് അടച്ചുവെക്കുക.
ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. മസാല പുരട്ടി വെച്ച ചിക്കൻ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി കൊടുത്തശേഷം അടച്ചുവെച്ച് വേവിക്കുക. പാകമായ ചിക്കനിൽ നിന്നും അല്പം ഗ്രേവി മാറ്റിവെക്കുക.
6 കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. ചൂടായി വരുമ്പോൾ ആവശ്യത്തിന് ഉപ്പ് അര ടീസ്പൂൺ ഓയിൽ ഒരു ടീസ്പൂൺ വിനാഗിരി എന്നിവ ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു പീസ് മാഗി ക്യൂബ് കൂടി ചേർത്ത് കൊടുത്തശേഷം അടച്ചുവയ്ക്കുക. വെള്ളം തിളച്ചു വരുമ്പോൾ കഴുകി വച്ചിരിക്കുന്ന അരി ചേർത്ത് കൊടുക്കുക. അരി പകുതി വേവാകുമ്പോൾ ഇതിലേക്ക് മല്ലിയില, കുരുമുളക് എന്നിവ ചേർത്ത് ഊറ്റി എടുത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന മസാലക്ക് മുകളിലേക്ക് ചേർത്തു കൊടുക്കുക. അതിനു മുകളിലേക്ക് മാറ്റിവെച്ചിരിക്കുന്ന ഗ്രേവി ഒഴിച്ചുകൊടുക്കുക. മൂന്ന് പച്ചമുളക് കൂടി ഇതിൽ താഴ്ത്തി വയ്ക്കുക.
ശേഷം ഇതിലേക്ക് ഒരു പാത്രം ഇറക്കിവെച്ച് ഒരു ചിരട്ട കഷണം കത്തിച്ച് തീ കെടുത്തി അത് പാത്രത്തിലേക്ക് ഇറക്കി വെച്ചു കൊടുക്കുക. അതിനുമുകളിൽ അര ടീസ്പൂൺ എണ്ണ ഒഴിച്ച് കൊടുത്ത ശേഷം 10 മിനിറ്റ് ചെറുതീയിൽ അടച്ചുവെച്ച് വേവിക്കുക.