Business

സംസ്ഥാനത്ത് സ്വർണവില ഉയർന്നു, പുതിയ നിരക്ക് ഇങ്ങനെ

രണ്ട് ദിവസത്തിനു ശേഷം സ്വർണവില ഉയർന്നു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് വ്യാഴാഴ്ച വില വർധിച്ചത്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വർധിച്ച് ഗ്രാമിന് 6,700 രൂപയിലും പവന് 53,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ഗ്രാമിന് 6635 രൂപയിലും പവന് 53,080 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ചു. ജൂലൈ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,625 രൂപയും പവന് 53,000 രൂപയുമാണ് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്‌.

രാജ്യാന്തര സ്വർണ വില
യു എസ് ഫെഡറൽ റിസർവ് സെപ്റ്റംബറിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയതിനെ തുടർന്ന് വ്യാഴാഴ്ച യുഎസ് സ്വർണ വില ഉയർന്നു.
കഴിഞ്ഞ സെഷനിൽ രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിന് ശേഷം സ്പോട്ട് ഗോൾഡ് 0.3 ശതമാനം ഉയർന്ന് ഔൺസിന് 2,362.10 ഡോളറിലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 2,369.80 ഡോളറിലെത്തി.അമേരിക്കൻ ബോണ്ട് യീൽഡും, ഡോളറും സമ്മർദ്ദം പ്രതീക്ഷിക്കുന്നതും, അമേരിക്കൻ ഓഹരി വിപണി അവധിയാണെന്നതും സ്വർണത്തിന് അനുകൂലമാണ്.

വരും ദിവസങ്ങളിൽ സ്വർണത്തെ സ്വാധിനിക്കുന്ന ഘടകങ്ങൾ.

വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, സെപ്തംബറില്‍ പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് യോഗം, കമ്പനികളുടെ മൂന്നാം പാദ വരുമാന കണക്കുകള്‍ എന്നിവയായിരിക്കും വരും ദിവസങ്ങളിലെ സ്വർണ വിലയെ സ്വാധീനിക്കുക.

സംസ്ഥാനത്തെ വെള്ളി വില

സംസ്ഥാനത്തെ വെള്ളിയുടെ നിരക്കും വർധിച്ചിട്ടുണ്ട്. ഗ്രാമിന് 2 രൂപ വർധിച്ച് 97 രൂപ നിരക്കിൽ വ്യാപാരം തുടരുന്നു.