ബീഫും പൊറോട്ടയും കഴിക്കാത്ത മലയാളികള്‍ കുറവാണെന്ന് തന്നെ പറയേണ്ടിവരും. കേരളം ഏറ്റെടുത്ത ഇത്രയും രുചികരമായ ഒരു ഭക്ഷണ കോംബോ വേറെ കാണില്ലെന്ന് വേണം പറയാന്‍. അതു പോലെ ഇന്ത്യന്‍ കോഫീ ഹൗസും മലയാളികളുടെ പ്രിയ ഭക്ഷണയിടമാണ്. കോഫീ ഹൗസിലെ മസാല ദോശയും, നെയ്യ് റോസ്റ്റും, കട്‌ലറ്റും, ബീറ്റ് റൂട്ട് കറിയം, ബീഫും പെറോട്ടയും, ബിരിയാണിയും പിന്നെ കോഫിയുമെല്ലാം രുചിക്കാത്ത മലയാളികള്‍ ചുരുക്കമാണ്. പറഞ്ഞു വരുന്നത് നമ്മുടെ കോഫീ ഹൗസില്‍ നിന്നും ബീഫ് പടിയിറങ്ങുന്നുവെന്ന വാര്‍ത്തയെക്കുറിച്ചാണ്. അനന്തപുരയിലെ രുചിക്കൂട്ടായ്മ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പബ്ലിക്ക് ഗ്രൂപ്പില്‍ ഇന്ന് ഒരു പോസ്റ്റ് വന്നു. ഇന്ത്യന്‍ കോഫീ ഹൗസില്‍ ബീഫ് നിരോധനം വേണമെന്ന് ആരാ തീരുമാനിച്ചത് എന്ന് തുടങ്ങുന്ന പോസ്റ്റ്,
ഇന്ത്യന്‍ കോഫീ ഹൗസില്‍ ബീഫ് നിരോധനം വേണമെന്ന് ആരാ തീരുമാനിച്ചത്. തീരുമാനം ആരുടേതായാലും സംഗതി നടപ്പിലാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ കോഫീ ഹൗസിലെ ബീഫ് കറിയും, ബീഫ് ഫ്രൈയും, ബീഫ് ബിരിയാണിയും കഴിച്ചു ആരാധകരായ ഒരുപാട് മനുഷ്യര്‍ നമ്മുടെ നാട്ടിലുണ്ട്. രുചിയും, വൃത്തിയും, വിലക്കുറവും തന്നെയാണ് സാധാ ഭക്ഷണ പ്രേമികളെ തൊഴിലാളികളുടെ സഹകരണ സംഘ പ്രസ്ഥാനമായ ഇന്ത്യന്‍ കോഫീ ഹൗസിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. അവിടെ ബീഫ് മാറ്റി ബഫല്ലോ മാത്രമേ വിളമ്പൂവെന്ന് ഇന്ത്യന്‍ കോഫീ ഹൗസ് തീരുമാനിക്കുമ്പോള്‍ അതിന്റെ കാരണം ഇവിടത്തെ ഇന്ത്യന്‍ കോഫീ ഹൗസ് ആരാധകര്‍ അറിയണ്ടേ. ഏത് ഭക്ഷണം ആസ്വദിച്ചു ഉണ്ടാക്കുവാനും വിളമ്പുവാനും കഴിക്കാനും ഏതൊരു നിരോധനവുമില്ലാത്ത കേരളത്തിലെ സഹകരണ പ്രസ്ഥാന സ്ഥാപനമായ ഇന്ത്യന്‍ കോഫീ ഹൗസ് ബീഫിനെ പടിക്ക് പുറത്താക്കിയത് എന്ത് കാരണം കൊണ്ടാണെന്ന് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു തരണം. ന്ത്യന്‍ കോഫീ ഹൗസ് ബീഫ് വിളമ്പിയില്ലെങ്കിലും അത് നന്നായി ഉണ്ടാക്കി വിളമ്പുന്ന വേറെ ഭക്ഷണശാലകള്‍ ഈ നാട്ടിലുണ്ട്. നിങ്ങള്‍ ബീഫിനെ പടിയിറക്കിയാല്‍ ഞങ്ങള്‍ നിങ്ങളെ വേണ്ടെന്ന് വെയ്ക്കാം, അത്രന്നെ.
ഈ പോസ്റ്റ് അനന്തപുരയിലെ രുചിക്കൂട്ടായ്മയില്‍ ഇട്ടിരിക്കുന്നത് ദിലിപ്രസാദ് സുരേന്ദ്രന്‍ എന്ന വ്യക്തിയാണ്. സംഭവം കോഫീ ഹൗസിലെ മെനുവില്‍ നിന്നും ബീഫ് മാറ്റിയെന്നും, പകരം പോത്ത് മാത്രമെ ഇനി ഇവിടെ നിന്നും ലഭിക്കുകയുള്ളുവെന്നാണ് പോസ്റ്റ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഇന്ത്യന്‍ കോഫീ ഹൗസുമായി ബന്ധപ്പെട്ടപ്പോള്‍ സംഭവം ശരിയാണെന്ന് മനസിലായി. ബീഫും പോത്തുമെല്ലാം വ്യത്യസ്തമായി കാണുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ടെന്നു മനസിലായി. കോഫീ ഹൗസ് അധികൃതര്‍ പറയുന്നതനുസരിച്ച് പോത്തിറച്ചി മാത്രമെ ലഭിക്കുകയുള്ളുവെന്നാണ്.
അതിനു കാരണം കസ്റ്റമര്‍ കംപ്ലയിന്റാണെന്ന് അവര്‍ വ്യക്തമാക്കി. ഗുണമേന്മ കൂടിയ ബീഫ് ലഭിക്കാത്തതും ഈ ഇറച്ചിയില്‍ ചൗ (കൊഴുപ്പടങ്ങിയ മാംസ ഭാഗം) ലഭിക്കുന്നതായി കസ്റ്റമഴേസിന്റെ നിരവധി പരാതികള്‍ വന്നിരുന്നു. അതിനാലാണ് ചിലയിടങ്ങളില്‍ നിന്നും കാളയിറച്ചി മാറ്റിയതെന്ന് അധികൃതര്‍ പറഞ്ഞത്. തിരുവനന്തപുരത്ത് കാളയ്ക്ക ബീഫെന്നും, പോത്തിറച്ചിക്ക് അതേ പേരിലുമാണ് അറിയപ്പെടുന്നത്. കോഫീ ഹൗസുകളില്‍ ബീഫ് എന്ന പറഞ്ഞ് രണ്ടും ഭക്ഷണങ്ങളും നല്‍കാറുണ്ട്. ചിലയിടങ്ങളില്‍ മെനുവില്‍ പ്രത്യേകിച്ച് എഴുതാറുണ്ടെന്നും കോഫീ ഹൗസ് ജീവനക്കാര്‍ പറഞ്ഞു. ബീഫ് ലഭിക്കുന്ന ഒട്ടേറെ കോഫീ ഹൗസുകള്‍ തിരുവനന്തപുരത്ത് ഇപ്പോഴും ഉണ്ടെന്ന് അവര്‍ വ്യക്തമാക്കി.
അനന്തപുരി രുചിക്കൂട്ടായ്മയില്‍ പോസ്റ്റ് വന്നതിനെത്തുടര്‍ന്ന് നിരവധി പേരാണ് കമന്റുകള്‍ ചെയ്ത്. ചിലര്‍ നല്ലതെന്നും ചിലര്‍ ശുദ്ധ തെമ്മാടിത്തരമെന്നും പറഞ്ഞപ്പോള്‍ ചില വിരുതന്മാര്‍ അതിനെ പൂര്‍ണമായും രാഷ്ട്രീയവത്ക്കരിക്കുകയും ചെയ്തു.
Beef dishes are also excluded from the menu in Indian coffee houses