തിരുവന്തപുരത്തെ ഊണ്, വിഭവങ്ങൾ എത്ര എന്നതല്ല ആ ഊണിലെ ഒരു കറി മാത്രം കൂട്ടി ഊണ് കഴിച്ചാലും മനസ്സും വയറും നിറയും. കാണുമ്പോൾ സ്റ്റീൽ പാത്രത്തിലൊരു ഊണ്. നാരങ്ങ, തേങ്ങാ ചമ്മന്തി, അവിയൽ, പപ്പടം മെഴുക്ക്പെരട്ടി – പപ്പടം വച്ച് മെഴുക്ക്പെരട്ടിയോ അതെ, അങ്ങനെയും ഒന്നുണ്ട്, പണ്ടത്തെ മരച്ചീനി ഇപ്പോൾ തിരുവനന്തപുരത്തുകാരും വിളിക്കുന്ന കപ്പ, ഒരു സൈഡിൽ മീൻ കറിയും മീൻ പൊരിച്ചതും. ഒഴിച്ചു കൂട്ടാൻ കറിയായി സാമ്പാറും പുളിശ്ശേരിയും.
സാമ്പാറ് ചോറിലൊഴിച്ച് വായിൽ വച്ചപ്പോൾ തന്നെ ആ കൈപുണ്യം അറിയാൻ പറ്റി. ആഹാ! എന്താ രുചി. ചോറിനിടയിൽ കൂടി കിനിഞ്ഞൊഴുകുന്ന സാമ്പാറിലെ ഓരോ തുള്ളിയും ആസ്വദിച്ച് കൊണ്ട്, അവിയൽ കഷ്ണങ്ങളെ കൂടെ ചോറിലേക്ക് ചേർത്ത്, കുറച്ച് കട്ടി ചമ്മന്തി കൂടെ കുഴച്ച്, അതിൽ ആ പപ്പടം മെഴുക്ക് പുരട്ടി കൂടി ചേർത്ത്, നാരങ്ങ അച്ചാറും തൊട്ടൊന്നു വച്ച് കുഴച്ച് ഉരുളയാക്കി വായിലേക്ക് വച്ചപ്പോൾ കിട്ടിയ ആ സുഖം. ഭോജന സുഖം പരമ സുഖം.
മരച്ചീനിയും മീനിൻ്റെ അരപ്പും കൂടി ചേരുമ്പോഴുള്ള ഒരു ലയം ഉണ്ട്. അത് ആസ്വദിക്കുന്നവർക്ക് അറിയാം. ആ ഒരു പ്രതീക്ഷയോടെ ആ വെണ്ണ പോലെ വെന്തുടഞ്ഞ കപ്പയും നെത്തോലി മീനും കൂടെ ചേർന്ന മീൻചാറും കൂടി ചേർത്ത് ഒരു പിടി പിടിച്ചു. പൊളി എന്ന് വച്ചാൽ പൊളി. ഇത് മാത്രം മതി ഒരു പറ ചോറുണ്ണാൻ.
എരിവ് പാകത്തിന് ചേർന്ന രുചിയുള്ള അയല വറുത്തതും അതിലെ ഗംഭീര പൊടിയും കൂടെ ചേർന്നപ്പോൾ രുചിയുടെ നിറവ് കൊണ്ട് ഊണിന്റെ് വേഗം കൂടി. പുളിശ്ശേരിക്ക് പേരു കേട്ട ഏതൊരു ഭക്ഷണയിടത്തോടും ചേർത്ത് വയ്ക്കാവുന്ന തരത്തിലുള്ള ഗംഭീര പുളിശ്ശേരി, പൈനാപ്പളിന്റെ സ്വാദ് വഴിഞ്ഞൊഴുകുന്ന ആ പുളിശ്ശേരി കൂടി ചേർന്നപ്പോൾ ഊണ് വേറൊരു ലെവലായി.
എല്ലാം കൊണ്ട് സംതൃപ്‌തി നിറഞ്ഞൊരു ഊണ്. ഉച്ചയ്ക്ക് 12 മണി മുതൽ ഏകദേശം 2-3 മണി വരെ ആഹാരം തീരുന്നതുനുസരിച്ച് ഇവിടെ കാണും. നിലവിൽ ഊണ് മാത്രമാണ് ഉള്ളത്. ഹോംലി ഫുഡാണ്. വീട്ടിൽ വയ്ക്കുന്നത് തന്നെയാണ് അവർ മറ്റുള്ളവർക്കും നൽകുന്നത്. അവരും ഇത് തന്നെയാണ് കഴിക്കുന്നത്. തികച്ചും വിശ്വസിക്കാം. രുചിയിൽ ശീലമനുസരിച്ചും അഭിരുചി അനുസരിച്ചും വ്യത്യസ്‌ത അഭിപ്രായങ്ങൾ വന്നാൽ കൂടിയും വിശ്വസിച്ചു കഴിക്കാമെന്നതിൽ തർക്കമില്ല.
ഇത് നാൻസി ജോണിൻ്റെ ഭക്ഷണയിടം. എൽസു നാടൻ ഫുഡ്‌സ് വീട്ടിലെ ഊണ് എന്നാണ് പേര്.
2018 മുതലേ നാൻസി ഹോംഷെഫ് എന്ന രീതിയിൽ പാചക മേഖലയിൽ ഉണ്ട്. ബേക്കറി ജംഗ്ഷനും പനവിളയ്ക്കും ഇടയ്ക്കായിരുന്നു മുമ്പ് താമസിച്ചിരുന്നത്. 2024 മെയ് 9 നാണ് റെസ്റ്റോറൻറായി വഴയിലയിൽ തുടങ്ങിയത്.
ലൊക്കേഷൻ: പേരൂർക്കട നിന്ന് വരുമ്പോൾ വഴയില ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വഴയില കല്ലയം റോഡ് കേറി കുറച്ച് ദൂരം വരുമ്പോൾ വലതു വശത്തായി കാണാം.
ഉച്ചയ്ക്ക് ഊണിൻ്റെ സമയമാണെങ്കിൽ ഒരു പയ്യൻ കടയുടെ മുമ്പിൽ കുടയുടെ കീഴിൽ ഊണിന്റെ ബോർഡുമായി നില്ക്കുന്നത് കാണാം. അടുത്തായി പാഴ്സലുകളും കാണാം. ഇവിടെ പാഴ്‌സലും നല്ല രീതിയിൽ ചെലവാകുന്നുണ്ട്. വാഴയിലയിൽ പൊതിച്ചോർ 100 രൂപയ്ക്ക് പാഴ്‌സലായും നല്‌കുന്നുണ്ട്. വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ തുടങ്ങി ആർക്കെങ്കിലും നിത്യേന ഊണ് വേണമെന്നുണ്ടെങ്കിൽ രണ്ട് പാത്രം ഇവിടെ ഏല്പിക്കാം. ഒരു പാത്രത്തിൽ ഊണ് തയ്യാറാക്കി നൽകും. അതു അടുത്ത ദിവസം തിരിച്ചേല്പിക്കുന്ന സമയം മറ്റേ പാത്രത്തിൽ ഊണ് തരുന്നതായിരിക്കും. രാവിലെ 8 മണി മുതലേ ഇത് ഉണ്ടായിരിക്കുന്നതാണ്. രാവിലത്തെ ഭക്ഷണവും കാണും.
രുചിയുള്ളൊരു ആഹാരം വിശ്വാസത്തോടെ കഴിക്കാൻ തിരുവനന്തപുരത്തെ ഈ രുചിയിടം നാൻസിയുടെ എൽസു നാടൻ ഫുഡ്‌സ് വീട്ടിലെ ഊണ്.
സ്ഥലം: Elzu Nadan Foods അശോക് വിഹാർ, ക്രൈസ്റ്റ് നഗർ വഴയില, തിരുവനന്തപുരം
സമയം: 7 AM – 2-3 PM
Seating Capacity: 10
ഫോൺ: 9995255553