ഇലക്ട്രിക്ക് വാഹന രംഗത്തു വലിയ മാറ്റങ്ങള്‍ക്ക് വഴി വെച്ചേയ്ക്കാവുന്ന കണ്ടുപിടിത്തവുമായി തിരുവനന്തപുരം വിമന്‍സ് കോളേജിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും. തേങ്ങയുടെ ചകിരി തൊണ്ടില്‍ നിന്ന് ആക്ടിവേറ്റഡ് കാര്‍ബണ്‍ കണ്ടെത്താനുള്ള സാങ്കേതിക വിദ്യയാണ് ക്യാമ്പസ്സില്‍ കണ്ടുപിടിച്ചിരിക്കുന്നത്. കോളേജ് ക്യാമ്പസുകളെ ശാസ്ത്ര പരീക്ഷണങ്ങളുടെ വേദിയാക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം വിമന്‍സ് കോളേജില്‍ സെന്‍ട്രലൈസ്ഡ് കോമണ്‍ ഇന്‍സ്ട്രുമെന്റന്‍ഷന്‍ ഫെസിലിറ്റി ലാബ് സ്ഥാപിച്ചത്. ഈ ലാബില്‍ നിന്നാണ് ചകിരി തൊണ്ടില്‍ നിന്ന് ആക്ടിവേറ്റഡ് കാര്‍ബണ്‍ കണ്ടെത്താനുള്ള സാങ്കേതിക വിദ്യ വിജയകരമായി വികസിപ്പിച്ചത്. ഫിസിക്സ് ഡിപ്പാര്‍ട്‌മെന്റിലെ ഡോ സേവ്യര്‍ ടി എസ് ന്റെ നേതൃത്വത്തില്‍ മെറിന്‍ ടി, ഗണേഷ് എസ് ജി, അനു എം എ, ശ്രീലക്ഷ്മി എസ് ആര്‍, എന്നീ ഗവേഷകരാണ് ഇത് വികസിപ്പിച്ചെടുത്തത്.
ആക്ടിവേറ്റഡ് കാര്‍ബണിനെ സൂപ്പര്‍ കപ്പാസിറ്റര്‍ ആയാണ് കരുതി വരുന്നത്. അതായത് സാധാരണ കപ്പാസിറ്ററെക്കാള്‍ വളരെ ഉയര്‍ന്ന അളവില്‍ ഊര്‍ജ സംഭരണശേഷി ഉള്ളവ. ചകിരി തൊണ്ടയില്‍ നിന്ന് ചിലവ് കുറച്ച ആക്ടിവേറ്റഡ് കാര്‍ബണ്‍ ഉല്പാദിപ്പിക്കാന്‍ ആയാല്‍ കുറഞ്ഞ ഉല്പാദന ചിലവില്‍ സൂപ്പര്‍ കപ്പാസിറ്ററുകളാണ് ലഭ്യമാകുക. ഇതോടെ ഇലക്ട്രിക് വാഹങ്ങള്‍ ഉള്‍പ്പടെ ഉള്ളവയുടെ ഉല്പാദന ചിലവ് ഗണ്യമായി കുറയ്ക്കാനാകും.
സാധാരണ കപ്പാസിറ്ററുകളെക്കാള്‍ വളരെ വലിയ കപ്പാസിറ്റന്‍സും ഊര്‍ജ സംഭരണ ശേഷിയുമുള്ള ഉയര്‍ന്ന ശേഷിയുള്ള കപ്പാസിറ്ററുകളാണ് സൂപ്പര്‍കപ്പാസിറ്ററുകള്‍. ഇലക്ട്രിക്ക് വാഹനങ്ങള്‍, പുനരുപയോഗ ഊര്‍ജ സംവിധാനങ്ങള്‍ തുടങ്ങി പലവിധ ഊര്‍ജ സംഭരണത്തിനും പവര്‍ മാനേജ്‌മെന്റിനും സൂപ്പര്‍ കപ്പാസിറ്ററുകള്‍ നിര്‍ണ്ണായകമാണ്. ഘഋഉ ഉപയോഗിച്ചുള്ള പരീക്ഷണത്തില്‍ ഇവിടെ വികസിപ്പിച്ചെടുത്ത ആക്ടിവേറ്റഡ് കാര്‍ബണ്‍ ഉപയോഗിച്ച് നിര്‍മിച്ച പ്രോട്ടോടൈപ്പ് സൂപ്പര്‍കപ്പാസിറ്ററുകള്‍ ഈ ലെവലിലുള്ള മറ്റ് സൂപ്പര്‍കപ്പാസിറ്ററുകളേക്കാള്‍ നാലിരട്ടി പ്രവര്‍ത്തനക്ഷമതയുള്ളതായി കണ്ടെത്തി. ഈ ഗവേഷണത്തിന് അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ജേണലായ സസ്‌റ്റൈനബിള്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ പ്രസിദ്ധീകരിച്ചു. ഈ നൂതനമായ മൈക്രോവേവ് അസിസ്റ്റഡ് രീതി പേറ്റന്റിനായി സമര്‍പ്പിച്ചിട്ടുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഇതിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ സേവിയര്‍ പറഞ്ഞു. ഈ ആക്ടിവേറ്റഡ് കാര്‍ബണ്‍ ഉപയോഗിച്ചുള്ള ജലശുദ്ധീകരണവും സെന്‍സറുകളുടെ വികസനവും സംബന്ധിച്ച ഗവേഷണങ്ങളും ഇവിടെ നടന്നുവരുന്നു.
കേരള സര്‍ക്കാരിന്റെ ധനസഹായത്തോടെ വഴുതക്കാട് ഗവണ്‍മെന്റ്‌റ് വനിതാ കോളേജില്‍ പ്രവര്‍ത്തിക്കുന്ന CCIF – ല്‍, NMR സ്‌പെക്ട്രോമീറ്ററുകള്‍, BET അനലൈസറുകള്‍, PCR മെഷീനുകള്‍ തുടങ്ങിയ നൂതന ടൂളുകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ മേഖലകളിലെ ഗവേഷണത്തിന് ആവശ്യമായ അത്യാധുനിക സൗകര്യങ്ങള്‍ ലോകോത്തര മാതൃകയില്‍ സജ്ജീകരിച്ചിരിക്കുന്നു. കേരളത്തിലെ എല്ലാ ഗവേഷകര്‍ക്കും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
Thiruvananthapuram Women’s College with technology to reduce production cost of electric vehicles