മുംബൈ: ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ സ്‌നേഹവായ്പുകള്‍കൊണ്ട് മൂടി ആരാധകര്‍. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത് ശര്‍മയെയും സംഘത്തെയും വലിയ ആഹ്ലാദാരവങ്ങളോടെയാണ് ആരാധകര്‍ വരവേറ്റത്. രോഹിത്, കോലി, ദ്രാവിഡ്, ബുംറ തുടങ്ങി ഓരോരുത്തര്‍ പുറത്തുവരുമ്പോഴും ആരാധകര്‍ വലിയ ആഘോഷപ്രകടനങ്ങള്‍ നടത്തി.
താരങ്ങൾ എത്താൻ വൈകിയതിനാൽ ഒരൽപ്പം വൈകിയാണ് ഇന്ത്യൻ ടീമിന്റെ വിജയയാത്ര തുടങ്ങിയത്. നേരത്തെ തീരുമാനിച്ച പ്രകാരം അഞ്ച് മണിക്ക് വിജയയാത്ര തുടങ്ങാൻ സാധിച്ചില്ല. ഒന്നര മണിക്കൂറോളം വൈകിയാണ് ഇന്ത്യൻ ടീമിന്റെ വിജയയാത്രയ്ക്ക് തുടക്കമായത്.
ചാമ്പ്യൻസ് 2024 എന്നാണ് ഇന്ത്യൻ ടീം സഞ്ചരിക്കുന്ന ബസിന് നൽകിയിരിക്കുന്ന പേര്. 2007ൽ ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യൻ ടീം സഞ്ചരിച്ച ബസിന് വിജയ്രഥ് എന്നായിരുന്നു പേര് നൽകിയത്. ചരിത്രം വീണ്ടും ആവർത്തിക്കുന്നവെന്നാണ് മെഗാ റോഡ്ഷോയെ ബിസിസിഐ വിശേഷിപ്പിച്ചിരിക്കുന്നത്.
തകർത്ത് പെയ്യുന്ന മഴയെ അവഗണിച്ച് ആഘോഷത്തിൽ പങ്കാളികളാകാൻ ആയിരക്കണക്കിന് ആരാധകരാണ് മറൈർ ഡ്രൈവിലും വാങ്കഡെ സ്റ്റേഡിയത്തിലുമായി തടിച്ചുകൂടിയിട്ടുള്ളത്.
റോഡ് ഷോക്ക് ശേഷം പ്രധാന ചടങ്ങ് നടക്കുന്ന വാങ്കഡെ സ്റ്റേഡിയത്തിലേക്ക് ജനങ്ങൾ ഇരച്ചുകയറുകയാണ്. സകല കണക്കുകൂട്ടലുകളും തെറ്റിച്ച് ആരാധകപ്രവാഹം ഉണ്ടായതോടെ സുരക്ഷ ഉദ്യോഗസ്ഥർ വലഞ്ഞു.
ഇന്ന് പുലർച്ചെ ബാർബഡോസിൽ നിന്നും ഡൽഹിയിൽ എത്തിയ ഇന്ത്യൻ ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ശേഷം മുംബൈയിലേക്ക് പറന്നത്. ഐ.ജി.ഐ എയർപോർട്ടിലും ടീം ഹോട്ടലിലും ഹോട്ടലിലേക്കുള്ള വഴിയിലും കളിക്കാർക്ക് ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.
അതിനിടെ, വിശ്വകിരീടം ചൂടിയ ടീമിലെ സീനിയര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും എയര്‍ലൈന്‍ വിസ്താര ആദരം നല്‍കി. ഡല്‍ഹിയില്‍നിന്ന് ഇന്ത്യന്‍ ടീമംഗങ്ങളെയും വഹിച്ച് മുംബൈയിലെത്തിയ വിസ്താര വിമാനത്തിന്റെ നമ്പര്‍ യു.കെ.1845 എന്നതായിരുന്നു. വിരാട് കോലിയുടെ ജഴ്‌സി നമ്പറായ പതിനെട്ടും രോഹിത് ശര്‍മയുടെ ജഴസി നമ്പറായ നാല്‍പ്പത്തഞ്ചും പ്രതിനിധാനം ചെയ്യുന്നു ഇത്.