കാസർഗോഡ്: കാഞ്ഞങ്ങാട് ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കുട്ടികൾക്ക് ശാരീരികാസ്വസ്ഥ്യം. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്‌ളവർ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്.
61 വിദ്യാര്‍ത്ഥികളാണ് ചികിത്സ തേടിയത്. ഇതില്‍ 54 പേര്‍ ഡിസ്ചാര്‍ജായി. ഏഴു കുട്ടികള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആരുടേയും നില ഗുരുതരമല്ല.
സ്‌കൂളിനടുത്തുള്ള അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ചാണ് കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ആശുപത്രിയിലെ ജനറേറ്റർ രാവിലെ പ്രവർത്തിച്ചതിന് പിന്നാലെയായിരുന്നു കുട്ടികൾക്ക് ശ്വാസതടസമുൾപ്പെടെ ഉണ്ടായത്. +1, +2, 5, 6, 7 ക്ലാസ് മുറികളിലേക്കാണ് ജനറേറ്ററില്‍ നിന്നുള്ള കനത്ത പുക എത്തിയതെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത ജോസഫ് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്ബശേഖര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കാഞ്ഞങ്ങാട് സബ് കളക്ടറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്.
















