മണ്ണിൽ നിന്നും വീണ്ണിലേക്ക് വരെ പ്ലാസ്റ്റിക് എത്തിയിട്ടുണ്ട്…
മണ്ണില്‍ നിന്നും പ്ലാസ്റ്റിക് കണങ്ങള്‍, മഴ മേഘങ്ങളിലേക്കും ചേക്കേറിത്തുടങ്ങി എന്ന് ശാസ്ത്രലോകം. പ്ലാസ്റ്റിക്ക് എന്ന് പറയുമ്പോള്‍ യഥാര്‍ത്ഥ പ്ലാസ്റ്റിക്കാണെന്ന് ധരിക്കരുത്. പ്ലാസ്റ്റിക്കിന്‍റെ ഏറ്റവും കുറഞ്ഞ അളവായ മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യമാണ് ശാസ്ത്രജ്ഞര്‍ മഴ മേഘങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.
മൈക്രോപ്ലാസ്റ്റിക് മലിനീകരണം ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്., അജിയോട്ടിക്, ബയോട്ടിക് ഘടകങ്ങളെ ബാധിക്കുന്നു. മറ്റ് മലിനീകരണങ്ങളെയും സൂക്ഷ്മാണുക്കളെയും കൊണ്ടുപോകുന്ന വൈവിധ്യമാർന്നതും വളരെ സങ്കീർണ്ണവുമായ മലിനീകരണങ്ങളിൽ ഒന്നാണ് മൈക്രോപ്ലാസ്റ്റിക്സ്.
മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിനുള്ള നിലവിലെ രീതികളിൽ ബയോഡീഗ്രേഡേഷൻ, ഇൻസിനറേഷൻ, ലാൻഡ് ഫില്ലിംഗ്, റീസൈക്ലിംഗ് എന്നിവ ഉൾപ്പെടുന്നു.
എൻവയോൺമെന്‍റൽ കെമിസ്ട്രി ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ജപ്പാനിലെ ഉയര്‍ന്ന കൊടുമുടികളായ ഫുജി, ഒയാമ പർവ്വതങ്ങളെ മൂടുന്ന മൂടല്‍ മഞ്ഞില്‍ നിന്നും അമേരിക്കയുടെ പടിഞ്ഞാറന്‍ ആകാശത്ത് 3,000 മീറ്റർ ഉയരത്തിനും ശേഖരിച്ച വായുവിലുമാണ് നൂതന ഇമേജിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മൈക്രോ പ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യം ജാപ്പനീസ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞത്.
പരീക്ഷണങ്ങളില്‍ നിന്നും 7.1 മുതൽ 94.6 മൈക്രോമീറ്റർ വരെ വലിപ്പമുള്ള മൈക്രോപ്ലാസ്റ്റിക്‌സിലെ പോളിമറുകളും ഒരു തരം റബ്ബറും കണ്ടെത്തിയതായാണ് പഠനം പറയുന്നത്.
ഓരോ ലിറ്റർ ക്ലൗഡ് വാട്ടറിലും 6.7 മുതൽ 13.9 വരെ പ്ലാസ്റ്റിക് കഷണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ‘ഹൈഡ്രോഫിലിക്’ പോളിമറുകളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
പ്ലാസ്റ്റിക് കണങ്ങൾക്ക് ക്ലൗഡ് കണ്ടൻസേഷൻ വഴി ന്യൂക്ലിയസുകളായി പ്രവർത്തിക്കാൻ കഴിയുമെന്നും അവയ്ക്ക് മേഘങ്ങളുടെ രൂപീകരണത്തെയും ഗുണങ്ങളെയും സ്വാധീനിക്കാൻ കഴിയുമെന്നും പഠനം പറയുന്നു. ഇത് കാലാവസ്ഥാ രീതികളെയും മഴയെയും സ്വാധീനിക്കും. മഴയുടെ പാറ്റേണുകളിൽ വ്യതിയാനങ്ങൾ വരുത്തിയേക്കാം, അത് ആവാസവ്യവസ്ഥയ്ക്കും കൃഷിക്കും ജലസ്രോതസ്സുകൾക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.
ദ്രുതഗതിയിലുള്ള മേഘ രൂപീകരണത്തിലും കാലാവസ്ഥാ സംവിധാനങ്ങളിലും ഇത്തരം പ്ലാസ്റ്റിക്ക് കണികകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മൈക്രോപ്ലാസ്റ്റിക്‌സ് മഴയിലൂടെ ഭൂമിയുടെ ഉപരിതലത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ അവയ്ക്ക് മണ്ണിനെയും ജലാശയങ്ങളെയും മലിനമാക്കാൻ കഴിയും. ഇവ ഇത്തരത്തില്‍ മനുഷ്യരിലും മൃഗങ്ങളിലും ജലജീവികളിലും എത്തിച്ചേരും ഇത് ഗുരുതരമായ മറ്റ് പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കും.
പ്ലാസ്റ്റിക് വായു മലിനീകരണ’ത്തെ അടിയന്തരമായി അഭിസംബോധന ചെയ്തില്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതികാഘാതവും വിദൂരമല്ലാത്ത ഭാവിയില്‍ ഗുരുതരമായ നാശത്തിനും ഇനിയൊരു തിരിച്ച് പോക്ക് സാധ്യമാകാത്ത വിധം ഭൂമി ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും വസേഡ യൂണിവേഴ്സിറ്റിയിലെ പ്രമുഖ ശാസ്ത്രജ്ഞനായ ഹിരോഷി ഒക്കോച്ചി മുന്നറിയിപ്പ് നൽകുന്നു.
വായുവിലൂടെ മൂടല്‍ മഞ്ഞിലേക്കും മേഘങ്ങളിലേക്കും ചേക്കേറുന്ന മൈക്രോപ്ലാസ്റ്റിക്സുകള്‍ അന്തരീക്ഷത്തിന്‍റെ മുകളിലെത്തുമ്പോള്‍ സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണത്തിന് വിധേയമാകുകയും ഇത് ഹരിതഗൃഹത്തിലേക്ക് തങ്ങളുടേതായ സംഭാവന നല്‍കുകയും ചെയ്യുന്നു. വ്യാവസായിക മലിനജലം, തുണിത്തരങ്ങൾ, സിന്തറ്റിക് കാർ ടയറുകൾ, സൗന്ദര്യ വര്‍ദ്ധക ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്നും പുറന്തള്ളപ്പെടുന്ന മാലിന്യത്തില്‍ നിന്നാണ് ഇത്തരം മൈക്രോപ്ലാസ്റ്റിക്സുകള്‍ വായുവിലെത്തി ചേരുന്നത്.
ഫ്രാൻസിനും സ്പെയിനിനും ഇടയിലുള്ള പൈറനീസ് പർവതനിരകളിൽ നിന്നും ആർട്ടിക് സമുദ്രത്തിലെ ആഴങ്ങളില്‍ നിന്നും കണ്ടെത്തിയ മത്സ്യങ്ങളിലും സമാനമായ മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. വായുവിലൂടെയുള്ള മേഘജലത്തില്‍ മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യം കണ്ടെത്തുന്ന ആദ്യ റിപ്പോര്‍ട്ടാണിതെന്നും ഹിരോഷി ഒക്കോച്ചി അവകാശപ്പെടുന്നു. മനുഷ്യരില്‍ ഗുരുതരമായ ശാരീരികാഘാതം സൃഷ്ടിക്കാന്‍ കഴിവുള്ളവയാണ് ഈ മൈക്രോപ്ലാസ്റ്റിക്സ്.
മൈക്രോപ്ലാസ്റ്റിക്കുകൾ പോലുള്ള പ്ലാസ്റ്റിക് പദാർത്ഥങ്ങൾ ശ്വാസനാളിയിലടിഞ്ഞ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ സാധ്യത അധികമെന്നും ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും ആരോഗ്യം, അതുപോലെ ക്യാൻസറുകൾ എന്നിവയ്ക്ക് മൈക്രോപ്ലാസ്റ്റിക്സ് കാരണമായേക്കാമെന്നും പഠനം പറയുന്നു.
Content highlight : The world of science says that plastic particles from the soil and rain have started entering the clouds