ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി എം.പി അനുരാഗ് ഠാക്കൂറിനുമെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കി. മോദിയുടെയും ഠാക്കൂറിന്റെയും പ്രസ്താവനകള്‍ക്കുമേല്‍ ചട്ടം 115(1) പ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോറാണ് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കിയിരുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും കളവാണ്. ജാക്കറ്റുകള്‍ക്ക് ക്ഷാമം ഉണ്ടായിരുന്നു, അല്ലാതെ ജാക്കറ്റുകള്‍ ഇല്ലാതിരുന്നിട്ടില്ല. മുംബൈ ആക്രമണ സമയത്ത് പോലീസിന് പോലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ഉണ്ടായിരുന്നത് കണ്ടതാണെന്നും മാണിക്കം ടാഗോര്‍ കത്തില്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് രാജ്യം ഭരിച്ചപ്പോള്‍ സൈന്യത്തിന് ആയുധങ്ങളും യുദ്ധവിമാനങ്ങളും നല്‍കിയിരുന്നില്ലെന്ന് അനുരാഗ് ഠാക്കൂര്‍ ആരോപിച്ചെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു. ‘ഇത് തെറ്റാണ്, നമുക്ക് ജാഗോര്‍, മിഗ് 29, എസ്‌യു-30, മിറാഷ് 2000 തുടങ്ങിയ യുദ്ധവിമാനങ്ങളുണ്ടായിരുന്നു. നമുക്ക് അണുബോംബുകളും അഗ്‌നി, പൃഥ്വി, ആകാശ്, നാഗ്, ത്രിശൂല്‍ തുടങ്ങിയ മിസൈലുകളും പിന്നീട് ബ്രഹ്മോസും ഉണ്ടായിരുന്നു’, മാണിക്കം ടാഗോര്‍ സ്പീക്കര്‍ക്കെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി.