തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന് വര്‍ദ്ധിത വീര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ട് പ്രതികരണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയെയും ഭരണപക്ഷത്തെയും പ്രതിപക്ഷം നിരന്തരം സഭയിൽ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ആഭ്യന്തര വകുപ്പു മുതൽ ആരോഗ്യ വകുപ്പ് വരെ വിവിധ സര്‍ക്കാർ വകുപ്പുകളുടെ പ്രവര്‍ത്തനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നിയമസഭയിൽ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. പലപ്പോഴും സഭാ സമ്മേളനം സംഘര്‍ഷ ഭരിതമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രതിപക്ഷത്തെ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത വേണമെന്ന മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തൽ.
കാര്യവട്ടം കാമ്പസിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തിനെതിരെ കനത്ത തിരിച്ചടിയാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. ഇത്തരത്തിൽ ഒരു സംഭവം ഇനി ആവർത്തിക്കില്ലെന്നാണ് കേരള മനസാക്ഷി വിചാരിച്ചത്. എന്നാൽ വീണ്ടും സമാനമായ സംഭവങ്ങളുണ്ടാകുന്നു. ഇത് കേരളമാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു. മുഖ്യമന്ത്രി മഹാരാജാവല്ലെന്നും അദ്ദേഹം ഓർമപ്പെടുത്തി. കനത്ത ഭാഷയിൽ വിമർശനം തുടർന്നതോടെ ഭരണപക്ഷംവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായി.