തിരുവനന്തപുരം: ക്യാംപസ് സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രതികരണം പ്രതിഷേധാര്‍ഹമെന്ന് എഐഎസ്എഫ്. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തി തന്നെ പോകണമെന്നും മുഖ്യമന്ത്രി ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും എഐഎസ്എഫ് പറഞ്ഞു.
കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിലും പുനലൂർ എസ്എൻ കോളേജിലും കോഴിക്കോട് നാദാപുരം ഗവ.കോളേജിലും കൊയിലാണ്ടി ഗുരുദേവ കോളേജിലും നടന്ന സംഘർഷങ്ങൾ പ്രതിഷേധാർഹമാണ്. സർഗാത്മക ഇടങ്ങളായി മാറേണ്ട ക്യാമ്പസുകളിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത് പൊതു സമൂഹത്തിനിടയിൽ വിദ്യാർത്ഥി സംഘടനകൾക്ക് അവമതിപ്പുണ്ടാക്കുവാനെ സഹായിക്കുകയുള്ളു. കേരള നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംഘർഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണവും പ്രതിഷേധാർഹമാണെന്നും എഐഎസ്എഫ് വ്യക്തമാക്കി.
നിരന്തരമായി സംഘർഷങ്ങളിൽ ഭാഗമാവുന്നവരെ തള്ളി പറയുന്നതിന് പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരിക്കുവാൻ ശ്രമിക്കുന്നതിലൂടെ ഇരക്കൊപ്പമാണൊ വേട്ടക്കാരനൊപ്പമാണോ അദ്ദേഹമെന്ന് വ്യക്തമാക്കണം. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി തന്നെ പോയില്ലെങ്കിൽ വലിയവില ഇടതുപക്ഷത്തിന് ഇക്കാര്യത്തിൽ കൊടുക്കേണ്ടതായി വരും.
നാല് വർഷ ഡിഗ്രി നടപ്പിലാക്കി മാറ്റത്തിന് കലാലയങ്ങൾ ചുവട് വെയ്ക്കുന്ന കാലത്ത് ഇത്തരം അക്രമിസംഘങ്ങളെ തങ്ങളുടെ സംഘടനകളിൽ നിന്നും ഒഴിവാക്കുവാൻ ബന്ധപ്പെട്ട വിദ്യാർത്ഥി സംഘടനകളും അവരെ കൃത്യമായ നടപടികൾക്ക് വിധേയരാക്കുവാൻ ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധിക്കണമെന്നും എഐഎസ്എഫ് വാര്‍ത്താക്കുറപ്പിൽ ആവശ്യപ്പെട്ടു.
കാര്യവട്ടം കാമ്പിലെ അക്രമസംഭവത്തിൽ മുഖ്യമന്ത്രി എസ്എഫ്ഐയെ സഭയിൽ ന്യായീകരിച്ചിരുന്നു. നിങ്ങൾ നടത്തിയ ആക്രമണങ്ങളെ വിവിധ തലങ്ങളിൽ നേരിട്ടുകൊണ്ടാണ് എസ്എഫ്ഐ വളർന്നുവന്നതെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞിരുന്നു.
എസ്എഫ്ഐയുടെ വളർച്ച പടിപടിയായി ഉണ്ടായതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിറഞ്ഞുനിൽക്കുന്ന പ്രസ്ഥാനത്തെ താറടിച്ചു കാട്ടേണ്ടത് നിങ്ങളുടെ ആവശ്യമായിരിക്കാം. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റെന്നു തന്നെ പറയും. തെറ്റുകൾ തിരുത്തിച്ചിട്ടുണ്ട്. അതാണ് ആ പ്രസ്ഥാനത്തിന്റെ പ്രത്യേകത എന്നും അദ്ദേഹം സഭയിൽ പറഞ്ഞിരുന്നു.