തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതാക്കളെ രൂക്ഷഭാഷയിൽ വിമർശിച്ച് സിപിഎം കേന്ദ്രകമ്മിറ്റി. നേതാക്കൾക്ക് ധാർഷ്ട്യമെന്ന് വിമർശിച്ച കേന്ദ്രകമ്മിറ്റി ഇത് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്നും ചൂണ്ടിക്കാട്ടി. നേതാക്കളുടെയും അണികളുടെയും പെരുമാറ്റം മോശമാണെന്നും സിസി തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പരാമർശിച്ചു.
ബിജെപിയും കോൺഗ്രസും സോഷ്യൽ മീഡിയയെ നന്നായി ഉപയോഗിച്ചപ്പോൾ സിപിഎം നിലവാരം പുലർത്തിയില്ലെന്നായിരുന്നു സോഷ്യൽ മീഡിയ ഇടപെടലിനെക്കുറിച്ചുള്ള കേന്ദ്രകമ്മിറ്റിയുടെ വിമർശനം. സോഷ്യൽ മീഡിയ ഇടപെടൽ രീതി പുനപരിശോധിക്കണമെന്നും സിസി ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും അഴിമതി തിരിച്ചടിച്ചെന്നും കേന്ദ്രകമ്മിറ്റി കൂട്ടിച്ചേർത്തു.
കേരളത്തിൽ സിപിഎം പൂതലിച്ച അവസ്ഥയിലാണെന്ന് പി ബി അംഗം എ. വിജയരാഘവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്തുള്ള മധ്യമേഖല റിപ്പോർട്ടിങ്ങിലാണ് വിജയരാഘവൻ വിമർശനമുന്നയിച്ചത്.
സർക്കാരിനെതിരെയുള്ള ജനവികാരം തോൽവിക്ക് കാരണമായെന്ന് പി.ബി അംഗം പ്രകാശ് കാരാട്ടും കഴിഞ്ഞ ദിവസം പറഞ്ഞു. ജനങ്ങളെ മനസിലാക്കാൻ പാർട്ടിക്കു കഴിയുന്നില്ലെന്നും പ്രകാശ് കാരാട്ട്. അടിത്തറ വോട്ടുകൾ ബിജെപിയിലേക്ക് പോയത് പരിശോധിക്കണമെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കിൽ ഐസക് കുറിച്ചു.