Travel

കേരള തനിമയുടെ അപൂര്‍വ കാഴ്ചയും സൗന്ദര്യവും; 600 വർഷത്തിന്റെ പാരമ്പര്യമുള്ള പൂഞ്ഞാർ കൊട്ടാരം | Poonjar Palace has a tradition of 600 years

കേരള തനിമയുടെ അപൂര്‍വ കാഴ്ചയും സൗന്ദര്യവും കാണുന്ന ഏതൊരാളിന്റെയും കണ്ണിലും മനസിലും നിറയ്ക്കുന്ന ഒരിടം. 600 വർഷത്തിന്റെ പാരമ്പര്യവും പഴമയും വിളിച്ചോതുന്ന കോട്ടയം ജില്ലയിലെ പൂഞ്ഞാർ കൊട്ടാരം.നൂറ്റാണ്ടുകളുടെ ചരിത്രവും തനിമയാര്‍ന്ന വാസ്തുകലയുടെ അഴകും ഒത്തിണങ്ങിയ നിർമ്മിതി. മധുര പാണ്ഡ്യവംശത്തിൽപ്പെട്ട രാജകുടുംബം ഭരണത്തിലിരുന്ന ഒരു രാജ്യമായിരുന്നു പൂഞ്ഞാർ. പാണ്ഡ്യരാജാക്കന്മാർ തെക്കുംകൂർ, വടക്കുംകൂർ രാജാക്കന്മാരോട് വിലയ്‌ക്കുവാങ്ങിയതാണ്‌ ഈ രാജ്യം. മാനവിക്രമകുലശേഖരപ്പെരുമാളാണ് ഈ വംശം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ രാജവംശമാണ് പൂഞ്ഞാര്‍ കൊട്ടാരം നിര്‍മിച്ചത്.

പോയ കാലത്തെ രാജപ്രതാപങ്ങളുടെ മഹത്തായ അടയാളപ്പെടുത്തലാണ് ഈ കൊട്ടാരത്തെ വേറിട്ട് നിർത്തുന്നത്. കോട്ടയത്തുനിന്നു പാല-ഈരാറ്റുപേട്ട വഴിയില്‍ സഞ്ചരിച്ചാല്‍ ആറു നൂറ്റാണ്ടോളം പഴക്കമുള്ള പൂഞ്ഞാര്‍ കൊട്ടാരത്തിലെത്താം. പുരാതന ചേര, പാണ്ഡ്യ രാജാക്കന്മാരുടെ പരമ്പരാഗത വാസ്തുശൈലിയിലാണ് നിർമാണം. കോട്ടയം, ഇടുക്കി ജില്ലകളുടെ കിഴക്കുഭാഗത്തു നിന്നു ശേഖരിച്ച ഗുണമേന്മയുള്ള മരങ്ങൾ ഉപയോഗിച്ചാണ് കൊട്ടാരത്തിന്‍റെ ഭൂരിഭാഗവും നിര്‍മ്മിച്ചിട്ടുള്ളത്. തേക്ക്, ഈട്ടി എന്നിവകൊണ്ട് നിർമിച്ച ഫർണിച്ചറുകൾ ഇന്നുമുണ്ട്. ഗ്രാനൈറ്റ്, ലാറ്ററൈറ്റ് ടൈലുകൾ, വലുതും ഇടത്തരവുമായ കളിമൺ ടൈലുകൾ എന്നിവയും ഉപയോഗിച്ചതായി കാണാം.

ക്ഷേത്രത്തിന്‍റെ ശൈലിയിലാണ് കൊട്ടാരത്തിന്റെ നിർമാണം. കൊട്ടാരത്തിനുള്ളിൽ വാസ്തുശാസ്ത്ര നിയമപ്രകാരം നിർമിച്ച ഒരു ക്ഷേത്രവുമുണ്ട്. കൊട്ടാരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഹിന്ദു ദേവതകളുടെ ശില്‍പങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കൊട്ടാരത്തിനുള്ളിൽ ഒരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്. രാജാക്കന്മാര്‍ ഉപയോഗിച്ച ഉപകരണങ്ങളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും പഴയ കല്‍വിളക്കുകളുമെല്ലാം ഇവിടെ കാണാം. രാജാക്കന്മാര്‍ സഞ്ചരിച്ചിരുന്ന പല്ലക്ക്, ഒറ്റത്തടിയില്‍ കൊത്തിയുണ്ടാക്കി ആയുര്‍വേദ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്ന എണ്ണത്തോണി, വെങ്കലവിളക്കുകള്‍, ആഭരണപ്പെട്ടികള്‍, ഓലയിൽ തീർത്ത കരകൗശല വസ്തുക്കള്‍, പറ തുടങ്ങിയവയെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ആരാധനകള്‍ക്കും മറ്റുമായി ഉപയോഗിച്ചിരുന്ന ശംഖ്, നടരാജവിഗ്രഹം, പഴയകാല ആയുധങ്ങള്‍ എന്നിവയും കാണാം.

ഈ കൊട്ടാര ചുവരുകൾക്കുള്ളില്‍ അനവധി അസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്. ഒറ്റത്തടിയില്‍ തീർത്ത എണ്ണത്തോണി, കൂറ്റന്‍ ബഹുശാഖാദീപങ്ങള്‍, ഓലയിൽ തീർത്ത കരകൗശല വസ്തുക്കള്‍, ആഭരണപ്പെട്ടികള്‍, പലതരത്തിലുള്ള ദീപങ്ങള്‍, നിരവധി നടരാജവിഗ്രഹങ്ങള്‍, ധാന്യങ്ങള്‍ അളക്കുന്ന പുരാതന അളവു പാത്രങ്ങള്‍, പ്രതിമകള്‍, ആയുധങ്ങള്‍ എന്നിവ ഇതിൽപ്പെടുന്നു . ഇവിടെ സൂക്ഷിച്ചിരിക്കുന്ന വിശിഷ്ടമായ ഒരു ചെറു ശയ്യ ആചാരപരമായ ആവശ്യങ്ങള്‍ക്കു മാത്രം വർഷത്തില്‍ ഒരു പ്രാവശ്യം വെളിയിലേക്കെടുക്കാറുണ്ട്. കൊട്ടാരത്തിനടുത്തുതന്നെ മധുര മീനാക്ഷി ക്ഷേത്രത്തിൻറെ അതേ പകർപ്പുള്ള ക്ഷേത്രം ആരെയും അത്ഭുതപ്പെടുത്തുന്നു. ക്ഷേത്രഭിത്തിയില്‍ പുരാണങ്ങളിലെ യുദ്ധകഥകള്‍ കൊത്തി വച്ചിരിക്കുന്നു. തൊട്ടടുത്ത ശാസ്താക്ഷേത്രത്തിലെ കരിങ്കല്‍ ഭിത്തിയില്‍ കൊത്തിയുണ്ടാക്കിയിട്ടുള്ള ചുറ്റുവിളക്കുകള്‍ അത്യാകർഷകവും രാജ്യത്ത് അപൂർവ്വ വുമാണ്.

പൂഞ്ഞാര്‍ കൊട്ടാരത്തിനടുത്ത്, മധുരയിലെ മീനാക്ഷിക്ഷേത്രത്തിന് സമാനമായ ഒരു ക്ഷേത്രവുമുണ്ട്. പുരാണങ്ങളില്‍ നിന്നുള്ള വിവിധ കഥകള്‍ ക്ഷേത്രച്ചുവരുകളില്‍ അതിമനോഹരമായി കൊത്തിവച്ചിട്ടുണ്ട്. കല്ലില്‍ത്തീര്‍ത്ത ചുറ്റുവിളക്കുകള്‍ തെളിയുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. കൂടാതെ പൂഞ്ഞാറിലെ ധര്‍മശാസ്താ ക്ഷേത്രം, നായാട്ടുപാറ ഗണപതി ക്ഷേത്രം, നടക്കല്‍ ഭഗവതി ക്ഷേത്രം, സരസ്വതി ദേവി ക്ഷേത്രം, മങ്കൊമ്പ് ധര്‍മശാസ്താ ക്ഷേത്രം മുതലായവയും സ്ഥാപിച്ചത് പൂഞ്ഞാര്‍ രാജവംശമാണ്. കേരള സംസ്ഥാന പുരാവസ്തു വകുപ്പിനു കീഴിലാണ് കൊട്ടാരം ഇപ്പോള്‍. കൊട്ടാരത്തെ ഒരു പൈതൃക സ്ഥലമായും ചരിത്ര സ്മാരകമായും കണക്കാക്കി സംരക്ഷിച്ച് പോരുന്നുണ്ട്. നമ്മുടെ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ് ഇത്തരം ചരിത്ര സ്മാരകങ്ങൾ. അവയെ വരും തലമുറയ്ക്കായും കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.