Kerala

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: കമ്പനി ഡയറക്ടര്‍ കെ.ഡി പ്രതാപൻ അറസ്റ്റിൽ

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈറിച്ച് കമ്പനി ഡയറക്ടര്‍ കെ.ഡി പ്രതാപനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷമാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. തുടർച്ചയായ ചോദ്യം ചെയ്യലുകൾക്കൊടുവിൽ അന്വേഷണവുമായി പ്രതാപൻ സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി. വ്യക്തമാക്കുന്നത്. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും.

ഹൈറിച്ചിന്‍റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടുത്തിടെ മരവിപ്പിച്ചിരുന്നു. മള്‍ട്ടി ചെയിൻ മാര്‍ക്കറ്റിംഗ്, ഓണ്‍ലൈൻ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ.

സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നാണ് ഹൈറിച്ച് തട്ടിപ്പ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം കെ ഡി പ്രതാപനും ഭാര്യയും വിദേശത്തേക്ക് കടത്തിയതായി സൂചനയുണ്ടായിരുന്നു. ഇതില്‍ വിശദമായ അന്വേഷണം നടത്തിയ ഇ ഡി ഒരേസമയം വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ പ്രതാപനെ കൊച്ചിയിലെ ഇ ഡി ഓഫിസില്‍ ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് ഇ ഡി കടന്നിരിക്കുന്നത്.

നിക്ഷേപരില്‍ നിന്നും ഹൈ റിച്ച് ഉടമകളായ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്ന് തട്ടിയെടുത്ത കോടികള്‍ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇ.ഡി അന്വേഷണം. പുതിയ ഇടപാടുകരെ ചേർക്കുന്നവർക്ക് കമ്മിഷൻ ലഭിക്കുന്ന രീതിയിലായിരുന്നു പ്രവർത്തനം. ഏതാണ്ട് 1.63 കോടി ഇടപാടുകാരുടെ ഐ.ഡി.കൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടാൻ ഒരു ഇടപാടുകാരന്റെ പേരിൽ തന്നെ അൻപതോളം ഐ.ഡി.കൾ സൃഷ്ടിക്കുകയാണ് ചെയ്തത്.

കമ്പനിയുടെ ക്രിപ്‌റ്റോ കറൻസി ഇടപാടുകളിലൂടെ വൻതുക ഹൈറിച്ച് പ്രമോട്ടർമാർ സമ്പാദിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അംഗത്വ ഫീസ് ഇനത്തിൽ മാത്രം പ്രതികൾ 1,500 കോടി രൂപ ഇടപാടുകാരിൽനിന്നു വാങ്ങിയെടുത്തെന്നും ഇതിൽ നിന്ന്‌ 250 കോടി രൂപ പ്രമോട്ടർമാരായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ചേർന്ന് തട്ടിയെന്നുമാണ് ഇ.ഡി. കണ്ടെത്തിയത്.