Kerala

പാർട്ടി പ്രവർത്തകർ ജനങ്ങളുമായി ഇഴുകിച്ചേർന്നു പ്രവർത്തിക്കണം; സീതാറാം യച്ചൂരി | Party workers should work in harmony with the people; Sitaram Yachuri

കൊല്ലം: ജനങ്ങളോട് ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം മുകൾത്തട്ടു മുതൽ താഴെത്തട്ടു വരെയുള്ള പാർട്ടി പ്രവർത്തകർ തിരുത്തുക തന്നെ വേണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. ജലത്തിലെ മത്സ്യത്തെപ്പോലെ കമ്യൂണിസ്റ്റുകാർ ജനങ്ങളുമായി ഇഴുകിച്ചേർന്നു പ്രവർത്തിക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്കായുള്ള മേഖലാ യോഗത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പു സംബന്ധിച്ച കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു യച്ചൂരി.

ദേശീയതലത്തിൽ പാർട്ടിക്കു സീറ്റ് കുറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ തിരിച്ചടിയുണ്ടായത് കേരളത്തിലാണ്. ബിജെപിക്ക് ഇവിടെ ചില മണ്ഡലങ്ങളിൽ 20 ശതമാനത്തിലേറെ വോട്ടു കൂടി. അപകടകരമാണ് സ്ഥിതി. ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഒന്നിപ്പിച്ചു നിർത്തുന്നതിൽ കേരളം പരാജയപ്പെട്ടു. പോരായ്മകളും കുറവുകളും പരിഹരിച്ചു പാർട്ടി തിരിച്ചുവരുമെന്നും കഴിഞ്ഞ കാലങ്ങളിലും അതു സംഭവിച്ചിട്ടുണ്ടെന്നും യച്ചൂരി പിന്നീട് മാധ്യമ പ്രവർത്തകരോടു പറഞ്ഞു.