തുടർച്ചയായി രണ്ടാം ദിവസവും വിമാനം റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ദമ്മാം-കണ്ണൂർ, കണ്ണൂർ-ദമ്മാം റൂട്ടിലെ സർവീസുകളാണ് അവസാന മണിക്കൂറിൽ കമ്പനി റദ്ദാക്കിയത്. വേനലവധി ചിലവഴിക്കാൻ നാട്ടിലേക്ക് തിരിക്കാനിരുന്ന കുടുംബങ്ങളെയും കുട്ടികളെയുമാണ് എയർ ഇന്ത്യ എക്സ്പ്രസ് വീണ്ടും പെരുവഴിയിലാക്കിയത്.
വ്യഴം, വെള്ളി ദിവസങ്ങളിലെ സർവീസുകളാണ് അവസാന മണിക്കൂറുകളിൽ റദ്ദാക്കിയത്. വ്യാഴാഴ്ച രാവിലെ എട്ട് മുപ്പതിന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്നലെ രാത്രിയോടെ റദ്ദാക്കിയാതായി യാത്രക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് പലരും വെള്ളിയാഴ്ചത്തേക്കുള്ള വിമാനത്തിൽ ടിക്കറ്റ് റീ ഷെഡ്യൂൾ ചെയ്തെങ്കിലും ഇന്ന് രാത്രിയോടെ അതും റദ്ദാക്കിയതായി കമ്പനി യാത്രക്കാർക്ക് സന്ദേശം അയച്ചു. കൃത്യമായ കാരണങ്ങളൊന്നും വ്യക്തമാക്കാതെയാണ് സർവീസുകൾ റദ്ദാക്കുന്നത്.
വേനലവധിക്ക് സ്‌കൂളുകൾ അടച്ച് നാട്ടിലേക്ക് തിരിക്കാനിരുന്ന പ്രവാസികളും കുടുംബങ്ങളുമാണ് ഇതോടെ പ്രതിസന്ധിയിലായത്. സീസണിലെ ഉയർന്ന നിരക്ക് ഭയന്ന് നേരത്തെ ടിക്കറ്റെടുത്തവരാണ് കൂടുതലും. നിലവിലെ ടിക്കറ്റുകൾ ക്യാൻസൽ ചെയ്ത് മറ്റ് എയർലൈനുകളിൽ ടിക്കറ്റ് എടുക്കണമെങ്കിൽ രണ്ടും മൂന്നും ഇരട്ടിയിലധികം നിരക്ക് നൽകണമെന്നതാണ് അവസ്ഥ. നിരന്തരം പ്രവാസികളെ ദ്രോഹിക്കുന്ന കമ്പനിയുടെ നടപടിയിൽ പ്രതിഷേധം ശക്തമാവുകയാണ്.