ഉത്തർ പ്രദേശിലെ ഹാഥ്റസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം ഹാഥ്റസിലെയും അലീഗഢിലെയും ഗ്രാമങ്ങളിലെത്തിയത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്, പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള അവിനാഷ് പാണ്ഡെ, പാർട്ടി വക്താവ് സുപ്രിയ ശ്രീനെറ്റ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ അനുഗമിച്ചു.
രാവിലെ 7.15ഓടെ അലീഗഢിന് സമീപത്തെ പിൽക്കാന ഗ്രാമത്തിലെത്തി ശാന്തി ദേവി, മഞ്ജു ദേവി എന്നിവരുടെ കുടുംബാംഗങ്ങളെ കണ്ടു. സാമ്പത്തിക സഹായം നൽകാമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകിയതായി കുടുംബാംഗങ്ങൾ പറഞ്ഞു. ‘ആവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. പരിപാടി നടന്ന സ്ഥലത്ത് മതിയായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. നല്ല ചികിത്സാ സൗകര്യം ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരിയെ രക്ഷിക്കാമായിരുന്നു’ -കുടുംബാംഗം പറഞ്ഞു.
‘മരണപ്പെട്ടവരെല്ലാം നിർധന കുടുംബത്തിൽപെട്ടവരാണ്. അവർക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണം’ -രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു. ബോലെ ബാബ എന്നറിയപ്പെടുന്ന ആൾദൈവത്തിന്റെ പരിപാടിക്കിടയിലുണ്ടായ ദുരന്തത്തിൽ 121 പേരാണ് കൊലപ്പെട്ടത്. പരിപാടിയുടെ സംഘടകരായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ഹഥ്റസ് അപകടത്തില്‍ 24 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭോലെ ബാബയുടെ അനുയായികളാണ് യുപി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. സംഘാടകരായ 6 പേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, ആള് ദൈവം ഭോലെ ബാബയുടെ പേര് എഫ്ഐആറില്‍ ചേര്‍ത്തിട്ടില്ല. ദുരന്തത്തിനു പിന്നാലെ ഒളിവില്‍ പോലെ ഭോലെ ബാബയ്ക്കായി മെയിന്‍പൂരിയിലെ ആശ്രമത്തില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അദ്ദേഹം രക്ഷപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രധാന പ്രതി ദേവ്പ്രകാശ് മധുകറും ഒളിവിലാണ്. ഇയാളെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.