അടിമുടി മാറ്റത്തിലേക്ക് കുതിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി, കമ്പ്യുട്ടര്‍വത്ക്കരണവും, റെയില്‍വേ മാതൃകയില്‍ അനൗണ്‍സ്മന്റും, കറന്‍സിരഹിത ടിക്കറ്റ് ഇടപാടുള്‍പ്പടെ വലിയ മാറ്റങ്ങള്‍ നടപ്പാക്കാനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. ആദ്യപടിയായി ആറു മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയിലെ ഓഫീസുകള്‍ മുഴുവന്‍ കമ്പ്യുട്ടര്‍വല്‍ക്കരിക്കും. എംഎല്‍എ മാരുടെ ഫണ്ടില്‍ നിന്ന് കമ്പ്യുട്ടര്‍ വാങ്ങുന്നതിന് പ്രത്യേക ഉത്തരവ് സര്‍ക്കാര്‍ ഇറക്കും. അനുവദിക്കുന്ന തുക ഉപയോഗിച്ച് കമ്പ്യൂട്ടര്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസി എംഡിക്ക് അധികാരം നല്‍കും. തല്‍സമയ ടിക്കറ്റിംഗ് ഉള്‍പ്പടെ പൂര്‍ണമായും കറന്‍സിരഹിത ടിക്കറ്റ് ഇടപാടിലേക്ക് മാറുമെന്നും മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ബസുകള്‍ സ്‌ററാന്‍ഡിലേക്കുള്ള വരവും പോക്കും സ്‌ക്രീനില്‍ തെളിയുന്നതിനു പുറമേ റെയില്‍വേ മാതൃകയില്‍ അനൗണ്‍സ്‌മെന്റ് സംവിധാനവും ഉണ്ടാകും. കെഎസ്ആര്‍ടിസിയുടെ 65 ശതമാനം കടമുറികള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ടെണ്ടറില്‍ പങ്കെടുക്കുന്നതിന് പോലും ഉയര്‍ന്ന തുക ആവശ്യപ്പെടുന്നതാണ് കച്ചവടക്കാരെ പിന്‍തിരിപ്പിക്കുന്നത്. വാടക നിരക്ക് ഭരണ സമിതി യോഗത്തില്‍ പുനര്‍നിശ്ചയിക്കും. കെഎസ്ആര്‍ടിസിയുടെ ടോയ്‌ലറ്റുകള്‍ സുലഭ് ഏജന്‍സിക്ക് കൈമാറും. 22 എണ്ണം ഇവര്‍ക്ക് കൈമാറാനായിരുന്നു പ്രാഥമിക ധാരണ. എന്നാല്‍ അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമം പലകോണുകളില്‍ നിന്നുമുണ്ടായി. നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ അത് കേടാക്കിയ ശേഷം പരാതി കൊടുക്കുന്ന രീതിയും ഉണ്ട്. ഇതിന് പരിഹാരം കണ്ടുകൊണ്ട് നാല് എണ്ണം ഉടന്‍ സുലഭിന് കൈമാറും.
ശമ്പളം ഒറ്റത്തവണയായി നല്‍കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ബാങ്ക് ഓവര്‍ ഡ്രാഫ്റ്റിലൂടെയാണ് ധനസമാഹരണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച യോഗം നടന്നിരുന്നു. ഒന്നരമാസത്തിനുള്ളില്‍ ഒറ്റത്തവണയായി ശമ്പളം കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ദേശസാല്‍കൃതറൂട്ടുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കൂടുതല്‍ എസി ബസുകള്‍ സര്‍വീസ് നടത്തും. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളുടെ വിവരം യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി അറിയുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. നിലവില്‍ കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വെബ്‌സൈറ്റില്‍, റിസര്‍വേഷന്‍ സൗകര്യമുള്ള ബസുകളുടെ, Chalo ആപ്ലിക്കേഷന്‍ മുഖേന ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീന്‍ നടപ്പാക്കിയിട്ടുള്ള യൂണിറ്റുകളിലെ ബസുകളുടെ സമയക്രമവും അറിയാന്‍ സാധിക്കും. കൂടാതെ ഗൂഗിള്‍ മാപ്പ്’ ഗൂഗിള്‍ ട്രാന്‍സിറ്റ് എന്നിവയിലും പ്രസ്തുത വിവരം ലഭ്യമാക്കിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു.
പതിനഞ്ച് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കണമെന്ന് കേന്ദ്രനിര്‍ദേശ പ്രകാരം വാഹനപൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് ഉടന്‍ ടെണ്ടര്‍ വിളിക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് പകരമായി കേന്ദ്രധനസഹായമായി 150 കോടി രൂപ ലഭിക്കാനുണ്ട്. ഈ തുക ലഭിക്കുന്നതിന് പൊളിക്കല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള സാക്ഷ്യപത്രങ്ങള്‍ ആവശ്യമാണ്. ഇതിനായാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.