സൗദിയിലെ കാലാവസ്ഥ വ്യതിയാനം ഈന്തപ്പഴ കർഷകർക്ക് വിനയാകുന്നു. സീസൺ തുടങ്ങുന്നതിനു മുന്നേ ചൂട് ശക്തമായതാണ് ഇതിനു കാരണം. സൗദിയിലെ വേനൽക്കാലത്തിന്റെ മധ്യത്തിലാണ് ഈന്തപ്പഴ സീസൺ ആരംഭിക്കുന്നത്. ഈന്തപ്പഴം പഴുക്കാൻ ചൂട് ആവശ്യമാണ്. എന്നാൽ സീസൺ ആരംഭിക്കുന്നതിനു മുന്നേ ഇത്തവണ സൗദിയിൽ ശക്തമായ ചൂട് തുടരുകയാണ്. 50 ഡിഗ്രിക്ക് മുകളിൽ വരെ താപനില എത്തിയതാണ് ഈന്തപ്പഴ കർഷകർക്ക് വെല്ലുവിളി ഉയർത്തുന്നത്.
ഇത് മൂലം ഈന്തപ്പഴം നേരത്തെ പാകമാകുന്നതായാണ് കർഷകർ പറയുന്നത്. ഈന്തപ്പഴത്തിന്റെ രുചിയും നിറത്തിനും രൂപത്തിന് തന്നെയും മാറ്റം ഉണ്ടാക്കുന്നുണ്ടെന്ന് കർഷകർ സാക്ഷ്യപെടുത്തുന്നു. ആദ്യമായാണ് സീസൺ തുടങ്ങുന്നതിനു മുന്നേ ശക്തമായ ചൂട് തുടരുന്നതെന്ന് കർഷകർ പറയുന്നു. ലോകത്തെ ഏറ്റവും വലിയ ഈന്തപ്പഴ വിപണിയാണ് സൗദി അറേബ്യയുടെത്. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ഇന്തപ്പഴ വിപണിയെത്തനെ ബാധിക്കുന്നതാണ്.
ഇത് മുന്നിൽ കണ്ട് കർഷകരുടെ ആശങ്ക അകറ്റുന്നതിനായി സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് എന്ന പേരിൽ മന്ത്രാലയം പ്രത്യേക നടപടികൾ ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ഈന്തപ്പനകൾ നനയ്ക്കുകയും, പനകളുടെ താഴെ പുല്ലുകൾ പാകി മറക്കുകയും ചെയ്യുന്നതിലൂടെ കാലാവസ്ഥ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ പ്രതിരോധിക്കാൻ ഒരുപരിധി വരെ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.