ദുബൈയിലെ റോഡുകൾക്ക് ഇനി പൊതുജനങ്ങൾക്കും പേര് നിർദേശിക്കാം. ഇതിനായി ദുബൈ മുനിസിപ്പാലിറ്റിക്ക് കീഴിലെ റോഡ് നേയിമിങ് കമ്മിറ്റി ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുറത്തിറക്കി. ദുബൈയിലെ റോഡുകൾക്ക് നാടിന്റെ ചരിത്രം, നാഗരികത, സാഹിത്യം, പ്രകൃതി എന്നിവയുമായി ബന്ധപ്പെട്ട പേരുകൾ നിർദേശിക്കാൻ സൗകര്യമൊരുക്കാനാണ് ദുബൈ മുനിസിപ്പാലിറ്റി പുതിയ പദ്ധതി ആവിഷ്‌കരിച്ചത്.
roadnsaming.ae എന്ന വെബ്‌സൈറ്റിലൂടെ ജനങ്ങൾക്ക് പേരുകൾ നിർദേശിക്കാം. ഓരോ പ്രദേശത്തെ റോഡിനും നൽകാൻ കഴിയുന്ന പേരുകളെ പ്രത്യേകം തരം തിരിച്ചിടിട്ടുണ്ട്. കല, സംസ്‌കാരം, അറബി കവിതകൾ എന്നിവയുമായി ബന്ധപ്പെട്ട പേരുകൾക്കൊപ്പം അറബിക്, ഇസ്ലാമിക രൂപകല്പന, വാസ്തുവിദ്യ എന്നിവയുമായി ബന്ധപ്പെട്ട പേരുകളും ഇതിൽ ഉൾപ്പെടും.
ചെടികൾ, പൂവുകൾ, കാട്ടു ചെടികൾ, പ്രകൃതി പ്രതിഭാസങ്ങൾ, കടൽ പക്ഷികൾ, കൂടാതെ കപ്പലുകൾ, നാവിക ഉപകരണങ്ങൾ, മത്സ്യബന്ധനം, കാറ്റ്, മഴ, പരിസ്ഥിതിക സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട പേരുകളും സ്വീകരിക്കും. പുതുതായി നിർമിക്കുന്ന റോഡുകൾക്കും തെരുവുകൾക്കുമാണ് ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പേര് നൽകുക.