പാലക്കാട് : സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. പച്ചക്കറി കർഷകനെ കീടനാശിനി കഴിച്ച് ജീനൊടുക്കിയ നിലയിൽ കണ്ടെത്തി. പാവല്‍ കൃഷിക്കാരനായ മലമ്പുഴ ആനക്കല്‍ മുതിരംകുന്ന് പി.കെ.വിജയന്(64) ആണ് മരിച്ചത്. വിവിധ ബാങ്കുകളിലായി 10 ലക്ഷത്തിലേറെ രൂപയുടെ കടബാധ്യതയുള്ളതായാണ് വിവരം.
കർഷകനെ വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് വീട്ടിനുള്ളില്‍ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. രാവിലെ പശുവിനെ കറക്കാന്‍ ഭാര്യ സരസു തൊഴുത്തിലേക്ക് പോയ സമയത്ത് വീടിന് പുറത്തിറങ്ങിയ വിജയന് പാവല്‍കൃഷിയുടെ കീടബാധ നിയന്ത്രിക്കുന്നതിനായി തളിക്കുന്ന കീടനാശിനിയാണ് കഴിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വിഷം കഴിച്ച വിവരം വിജയന് ഭാര്യയെ അറിയ്ക്കുകയായിരുന്നു. അവശനിലയിലായ വിജയനെ നാട്ടുകാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും രാവിലെ പത്തരയോടെ മരിച്ചു. മലമ്പുഴ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി.
മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മക്കള്‍: ബിജിമോള്‍, ശ്രുതി, ദൃശ്യ. സഹോദരങ്ങള്‍: ഷാജി, അനില്‍.