ചികിത്സ ഗവേഷണ രംഗത്ത് ആഗോള മുന്നേറ്റത്തിനായി യു.എസിൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് ബുർജീൽ ഹോൾഡിങ്സ്. ന്യൂയോർക്കിൽ ആരംഭിച്ച ബുർജീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത്, കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണവും ആഗോള തലത്തിലുള്ള സഹകരണവുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. ഥാനി ബിൻ അഹ്മദ് അൽ സയൂദി, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ന്യൂയോർക് സിറ്റി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് മെന്റൽ ഹൈജീൻ കമീഷണർ ഡോ. അശ്വിൻ വാസൻ, നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സയന്റിഫിക് അഡ്വൈസർ ഡോ. ഒഫിറ ജിൻസ്ബർഗ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മികച്ച ഗവേഷകർ, ശാസ്ത്രജ്ഞർ, മെഡിക്കൽ പ്രഫഷനലുകൾ എന്നിവരെ കണ്ടെത്താനും അതിലൂടെ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഗവേഷണം എന്നീ മേഖലകളിൽ നൂതന മാറ്റത്തിനുമാണ് പുതിയ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ ലക്ഷ്യമിടുന്നത്. പ്രമുഖ ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളുമായും കമ്പനികളുമായും സഹകരിക്കുക, അന്താരാഷ്ട്ര തലത്തിൽ ബുർജീലിന്റെ സംഭാവനകൾ വർധിപ്പിക്കുക, ചികിത്സയിലും സാങ്കേതികവിദ്യയിലും മുന്നേറ്റങ്ങൾ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബുർജീൽ യു.എസിൽ പ്രവർത്തനം തുടങ്ങുന്നതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു.