എമിറേറ്റിലെ പൊതു ബസ് സർവിസിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നത് സംബന്ധിച്ച് ആലോചിക്കുന്നതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). പൊതുഗതാഗത മേഖല നവീകരിക്കുന്നതിന്റെ ഭാഗമായി ബസ് സർവിസ് നടത്താൻ പുറം ജോലി കരാർ നൽകുന്ന കാര്യം പരിഗണനയിലാണെന്ന് ആർ.ടി.എ ചെയർമാൻ മതാർ അൽതായർ പറഞ്ഞു.
പൊതുഗതാഗത രംഗം നവീകരിക്കുന്നതിന് ദുബൈ ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ അഹമ്മദ് ബഹ്റൂസിയാൻ അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഓഹിയോ ട്രാൻസ്പോർട്ട് അതോറിറ്റി (സോർട്ട) സി.ഇ.ഒ ഡെറിൾ ഹീലി എന്നിവർ ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് ദുബൈയിലെ പൊതു ബസ് സർവിസ് സ്വകാര്യ സ്ഥാപനങ്ങൾക്ക് പുറം ജോലി കരാർ നൽകുന്ന കാര്യം പരിഗണനയിലാണെന്ന് ആർ.ടിഎ ചെയർമാൻ മതാർ അൽതായർ അറിയിച്ചത്.
പൊതുമേഖലയിലെ സാങ്കേതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് ധാരണപ്രകാരം ഊന്നൽ നൽകുക. അടുത്ത ഘട്ടത്തിൽ പൊതുഗതാഗതം വികസിപ്പിക്കുന്നതിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യും. പ്രാഥമികമായി ഗതാഗത സാങ്കേതികവിദ്യയിലും നവീകരണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ബസ് സ്റ്റോപ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുടെ രൂപകൽപന, ആധുനിക സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നതിലൂടെയുള്ള നേട്ടങ്ങളെ കുറിച്ചും പഠനം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയിലെ അൽഖൂസ് ബസ് ഡിപ്പോയിലെ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം സെന്റർ, എന്റർപ്രൈസ് കമാൻഡ് കൺട്രോൾ സെന്റർ എന്നിവ സോർട്ട അധികൃതർ സന്ദർശിച്ചു.