കുവൈത്ത് അണ്ടർ 17 ദേശീയ ഫുട്ബാൾ ടീം പ്രത്യേക പരിശീലനത്തിനായി സെർബിയയിലേക്ക് പുറപ്പെട്ടു. കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗം ഡോ. മൻസൂർ പാഷയുടെ നേതൃത്വത്തിലാണ് സംഘം പുറപ്പെട്ടത്. ഏഷ്യൻ ജൂനിയർ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള തയാറെടുപ്പിന്റെ ഭാഗമായി ടീം സെർബിയയിൽ മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കും.
ക്രൊയേഷ്യൻ കോച്ച് ഫെർഡോ മിലിൻ, സഹായികളായ മിലോസ് ബാസിക്, മോവാസ് ഇഡാൻ എന്നിവരും സാങ്കേതിക സ്റ്റാഫും സംഘത്തിനൊപ്പമുണ്ട്. 28 കളിക്കാരും ക്യാമ്പിലുണ്ട്. അടുത്ത വർഷം സൗദി അറേബ്യയിലാണ് ഏഷ്യൻ കപ്പ് അണ്ടർ 17 മത്സരങ്ങൾ. ഇതിനായുള്ള യോഗ്യത മത്സരങ്ങൾ ഈ ഒക്ടോബറിൽ കുവൈത്തിൽ നടക്കും. ആസ്ത്രേലിയ, ഇന്തോനേഷ്യ, വടക്കൻ മരിയാന ദ്വീപുകൾ എന്നിവ ഉൾപ്പെട്ട ഗ്രൂപ്പിലാണ് കുവൈത്ത്.