Kerala

‘വൈഫെയും’, ‘എസിയും’ ബസ് യാത്രാ പ്രീമിയം ലെവലിലേക്ക് മാറും-Wi-Fi and AC can now travel in KSRTC buses at premium level

വൈഫെയും എസിയുമായി കേരളത്തില്‍ ഇനി കെഎസ്ആർടിസിയുടെ ബസ് യാത്രാ പ്രീമിയം ലെവലിലേക്ക്. യാത്രാ സുഖകരമാക്കാന്‍ 40 ബസുകള്‍ വാങ്ങാന്‍ തീരുമാനമായതായി മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ അറിയിച്ചു. 10 വണ്ടികള്‍ ഓണത്തിനുമുന്‍പ് നിരത്തിലിറങ്ങും. കൂടുതല്‍ മൈലെജുള്ള ചെറിയ ബസുകള്‍ ഗ്രാമപ്രദേശത്ത് സര്‍വീസ് നടത്തും. ഇതിനായി 300 ചെറിയ ബസുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. നിലവില്‍ ഗ്രാമീണറോഡുകളില്‍ ഓടുന്ന പഴയ ബസുകള്‍ക്ക് ഇന്ധനക്ഷമത കുറവായതിനാലാണ് പുതിയ ബസുകള്‍ നിരത്തിലിറക്കുക.നിലവിലുള്ള ടിക്കറ്റ് മെഷീനുകള്‍ക്ക് പകരം നൂതന സാങ്കേതികവിദ്യയുമായി ഡിജിറ്റല്‍ ടിക്കറ്റിങ് സൊല്യൂഷന്‍ ഏര്‍പ്പെടുത്തും. ഇതില്‍ എന്‍സിഎംസി, ക്ലോസ്ഡ് ലൂപ്പ് കാര്‍ഡ് എന്നിവ ഉപയോഗിക്കാന്‍ സാധിക്കും. നിലവില്‍ ഉപയോഗിച്ചിരുന്ന ഇപിഎം മെഷീന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് അനുയോജ്യമല്ല. കൂടാതെ ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ സിസ്റ്റം സംവിധാനവുമില്ല.

ഓരോ ഡിപ്പോയിലും ലോക്കല്‍ സെര്‍വറിലും ഹോസ്റ്റ് ചെയ്തിരിക്കുകയാണ്.നിലവില്‍ ക്ലോസ്ഡ് ലൂപ്പ് കാര്‍ഡ് മാത്രമേ സ്വീകരിക്കാനാവൂ. ഇത്തരം കാര്‍ഡുകളില്‍ കൂടുതല്‍ യാത്രാപാസുകള്‍ കോണ്‍ഫിഗറ് ചെയ്യാന്‍ സാധിക്കുകയില്ല. നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡു (എന്‍സിഎംസി)കള്‍ നിലവിലെ ഇടിഎം മെഷിനില്‍ ഉപയോഗിക്കാന്‍ സാധ്യമല്ല. ഇത്തരം മെഷിനുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സിസ്റ്റവുമായി ബന്ധിപ്പിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ലൈവ് ടിക്കറ്റിങ് പോലെയുള്ള നൂതന സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നില്ല. കാഷ്‌ലെസ് ഓപ്പറേഷന്‍ പുതിയ സംവിധാനം കൊണ്ടുവരാനുള്ള നടപടി പൂര്‍ത്തിയായി വരുന്നു. ഇതുവഴി ബസുകളുടെ തത്സമയ ട്രാക്കിങ്, ലൈവ് പാസഞ്ചര്‍ ഇന്‍ഡിക്കേറ്റര്‍ , മൊബൈല്‍ ടിക്കറ്റുകളും പാസുകളും , യുപിഐ പേയ്‌മെന്റ് , കാര്‍ഡ് പേയ്‌മെന്റ്, നെറ്റ് ബാങ്കിങ് പേയ്‌മെന്റ്, വാലറ്റ് പേയ്‌മെന്റ്, ചലോ പേ തുടങ്ങിയ ഡിജിറ്റല്‍ പേയ്‌മെന്റ് മോഡുകള്‍, എംസിഎംസി കാര്‍ഡുകള്‍, ക്ലോസ്ഡ് ലൂപ്പ് കാര്‍ഡ് തുടങ്ങിയ സൗകര്യങ്ങള്‍ മൊബൈല്‍ ടിക്കറ്റിങ് സൊല്യൂഷനില്‍ ലഭ്യമാണ്. ഇതിലൂടെ പണമിടപാടുകള്‍ സുഗമമാക്കുന്നതിനും ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമാകും.ഇതിന്റെ ഭാഗമായി ബസുകളുടെ തത്സമയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ആപ്ലിക്കേഷന്‍ നടപ്പിലാക്കും. ഇതോടു കൂടി മുന്‍കൂര്‍ യാത്രാ ആസൂത്രണം ചെയ്യാന്‍ എളുപ്പമാകുമെന്നും മന്ത്രി പറഞ്ഞു.