ന്യൂഡൽഹി: നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് പേരെ ബാധിക്കും. ഈ സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കുന്നത് പ്രായോഗികമല്ല. പരീക്ഷയുടെ വിശ്വാസ്യതയെ നിലവിലെ കാര്യങ്ങൾ ബാധിച്ചിട്ടില്ലെന്നും ക്രമക്കേടിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
നേരത്തെ പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നിരവധി ഹർജികൾ എത്തിയിരുന്നു. ഈ ഹർജികളുടെ അടിസ്ഥാനത്തിൽ കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങൾ ബാധിച്ചിട്ടില്ല. വലിയ തോതിലുള്ള ക്രമക്കേടുകൾക്ക് തെളിവില്ല എന്നും കേന്ദ്രം അറിയിച്ചു.
തിങ്കളാഴ്ചയാണ് നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതി പരിഗണിക്കുന്നത്. നിരവധി വിദ്യാർത്ഥികളും സംഘടനകളുമാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. നീറ്റ് യു.ജി പരീക്ഷ റദ്ദാക്കണമെന്നും എൻ.ടി.എ പിരിച്ചുവിടണമെന്നുമാണ് ഹരജികളിലെ ആവശ്യം. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധമാണ് നടന്നത്.
അതേസമയം മാറ്റിവച്ച നീറ്റ്-പിജി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു ഓഗസ്‌റ്റ് 11ന് പരീക്ഷ നടത്തുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് (എൻ.ബി.ഇ) അറിയിച്ചു. ജൂൺ 23ന് ഷെഡ്യൂൾ ചെയ്‌ത പരീക്ഷയാണ് ക്രമക്കേട് കണ്ടെത്തിയതോടെ മാറ്റിയത്. ഈ പരീക്ഷകളാണ് അടുത്ത മാസം നടക്കുക. രണ്ട് ഷിഫ്‌റ്റുകളായിട്ടാകും പരീക്ഷ നടത്തുക. 1.75 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് നീറ്റ് പിജി പരീക്ഷയെഴുതുക. എല്ലാ പഴുതുകളും അടച്ച് സുരക്ഷിതമായാണ് പരീക്ഷ നടത്തുകയെന്നാണ് വിവരം.