ജീവിതത്തിൽ എന്തെങ്കിലും ദുഃഖങ്ങൾ വരുമ്പോൾ ക്ഷേത്രങ്ങളിൽ പോകുന്നവരും ഒരു മനഃസമാധാത്തിന് എങ്കിലും ദൈവങ്ങളെ ആശ്രയിക്കുന്നവരുമാകും നമ്മൾ. എന്നാൽ എന്തെങ്കിലും ഒരു കാര്യത്തിന് ജിന്നുകൾക്ക് നിങ്ങൾ കത്തെഴുതിയിട്ടുണ്ടോ… എങ്കിൽ അങ്ങനെ ഒരിടമുണ്ട്. 1351 മുതൽ 1388 വരെ ഡൽഹി ഭരിച്ച തുഗ്ലക് രാജവംശത്തിലെ രാജാവാണ് മാലിഖ് ഫിറോസ് ബിൻ മാലിഖ് രാജാവ് . എന്നാൽ അദ്ദേഹത്തിനു മറ്റൊരു പേര് കൂടിയുണ്ട് ഫിറോസ് ഷാ തുഗ്ലക് .വലിയ ആക്രമണങ്ങളോ യുദ്ധവിജയങ്ങളോ ഇല്ലാത്തതായിരുന്നു ഫിറോസിന്റെ ഭരണകാലം. ഭരണം ക്രമപ്പെടുത്തുന്നതിന് ഇദ്ദേഹം പരിശ്രമിച്ചു. ഔദാര്യശീലനും വിജ്ഞാനപ്രിയനുമായിരുന്നു ഇദ്ദേഹം. കിണറുകളും ജലസേചനമാർഗ്ഗങ്ങൽ ഉണ്ടാക്കുക തുടങ്ങിയ ജനോപകാരപ്രദമായ ഒരുപാട് കാര്യങ്ങളിൽ ശ്രദ്ധിച്ച ഇദ്ദേഹം ജോൻപുർ, ഫിറോസ് പുർ, ഹിസ്സ ഫിറോസ്സ തുടങ്ങിയ നഗരങ്ങൾ സ്ഥാപിച്ചു. 1350ൽ ദില്ലിക്കടുത്ത് ഫിറോസാബാദ് എന്ന നഗരം സൃഷ്ടിച്ചതും ഇദ്ദേഹമാണ്. ഈ കോട്ടയാണ് ഇന്ന് ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയം ആയി അറിയുന്നത്. ഇതുവരെ പറഞ്ഞത് ചരിത്രം .
ഡൽഹി ഭരിച്ചിരുന്ന സുൽത്താൻ ഫിറോസ് ഷാ തുഗ്ലക്കിന്റെ കൊട്ടാരമായിരുന്ന സ്ഥലത്താണ് ഇന്ന് ജിന്നുകളുടെ വാസസ്ഥലം. പക്ഷേ എല്ലാ വ്യാഴാഴ്ചയും ഇവിടം പ്രവർത്തന നിരതമാകും. നിരവധി ആളുകൾ തങ്ങളുടെ വേദനകൾ പേപ്പറുകളിൽ എഴുതി ഇവിടെ സമർപ്പിച്ചിട്ട് പോകും. , മെഴുകുതിരികൾ തെളിയിക്കും. ആർക്കും ഇവിടെ സഹായത്തിനായി വരാം – മുൻഗണനാ പരിഗണനയൊന്നുമില്ല, എല്ലാവരും തുല്യരാണ്. ആളുകൾ എല്ലാത്തരം ബുദ്ധിമുട്ടുകളോടെയും വന്ന് ജിന്നുകൾക്ക് എഴുതുന്നു . ആ ദുഃഖങ്ങൾ എഴുതിയ കത്തുകൾ ജിന്നുകൾ വായിച്ചു ബുദ്ധിമുട്ടുകൾ പരിഹരിച്ചു നല്കും എന്നാണു നാട്ടുകാരുടെ വിശ്വാസം. ചിലർ തങ്ങളുടെ ചിത്രങ്ങളും ഇവിടെ സമർപ്പിക്കാറുണ്ട്. ജാമി മസ്ജിദിന് സമീപം, കോട്‌ലയ്‌ക്കുള്ളിലെ മസ്ജിദിന് സമീപം, പിരമിഡ് പോലെയുള്ള ഒരു നിർമ്മിതിയുണ്ട്, അതിൽ 13.1 മീറ്റർ ഉയരമുള്ള, അത്യധികം മിനുക്കിയ മണൽക്കല്ല് സ്തംഭമായ മിനാർ-ഇ-സാറീൻ നിലകൊള്ളുന്നു. ബിസി മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തി അംബാലയിൽ സ്ഥാപിച്ചതാണ് ഇത്, നൂറ്റാണ്ടുകൾക്ക് ശേഷം തുഗ്ലക്കിന്റെ ഉത്തരവനുസരിച്ച് കോട്‌ലയിലേക്ക് മാറ്റി.
അടിയന്തരാവസ്ഥ അവസാനിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം, 1977 ൽ മാത്രമാണ്, ഫിറോസ് ഷാ കോട്‌ലയിലേക്ക് ആളുകൾ കൂട്ടത്തോടെ വരാൻ തുടങ്ങിയത് . 1970 കളുടെ അവസാനത്തിൽ ലഡൂ ഷാ എന്ന ഫക്കീർ വന്ന് ഇവിടെ താമസിക്കാൻ തുടങ്ങിയതോടെയാണ് കോട്‌ലയിലെ ജിന്നുകൾക്ക് കത്ത് എഴുതുന്ന സമ്പ്രദായം തുടങ്ങിയത് . കോട്‌ല ജിന്നുകളുടെ തലവനായ ലാത് വാലെ ബാബ മിനാർ-ഇ-സറീനിൽ വസിക്കുന്നു എന്നാണ് വിശ്വാസം. സ്തംഭത്തിൽ തൊടുമ്പോൾ ചോദിക്കുന്ന ഒരു ആഗ്രഹം സഫലമാകുമെന്ന് വിശ്വസിക്കുന്നതിനാൽ ആളുകൾ ഇവിടെ കൈ വച്ചും പ്രാർത്ഥിക്കുന്നു . ജിന്നുകൾ സത്യമോ കെട്ട് കഥയോ? എന്ത് തന്നെയായാലും തങ്ങളുടെ ദുഃഖങ്ങൾ നിറഞ്ഞ ഭാന്ധവും തൂക്കി ജനങ്ങൾ ഇപ്പോഴും എല്ലാ വ്യാഴാഴ്ചയും കത്തുകൾ ഇവിടെ സമർപ്പിക്കും. അലാവുദ്ദീനെ ജിന്ന് സഹായിച്ചത് പോലെ ദയാലുവായ ജിന്ന് തങ്ങളെയും സഹായിക്കും എന്നവർ ഉറച്ചങ്ങു വിശ്വസിയ്ക്കും.