ബഹിരാകാശം എന്നും അത്ഭുതങ്ങളുടെ കലവറ തന്നെയാണ്. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകൾ എല്ലാം തന്നെ കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് നാം കാത്തിരിക്കുന്നതും. ഇപ്പോഴിതാ ബഹിരാകാശത്ത് സുപ്രധാനമായ ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് സ്‌പേസ് എക്‌സ്. കഴിഞ്ഞ 50 വർഷക്കാലത്തിനിടെ ബഹിരാകാശത്ത് മനുഷ്യർ സഞ്ചരിച്ചിട്ടില്ലാത്ത അത്രയും ദൂരം ബഹിരാകാശ സഞ്ചാരികളെ എത്തിക്കാനുള്ള ദൗത്യത്തിനൊരുങ്ങുകയാണ് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ്. പൊളാരിസ് ഡൗണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ഈ മാസം വിക്ഷേപിക്കാനിരിക്കുകയാണ്.
സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ അഞ്ച് ദിവസത്തോളം സഞ്ചാരികള്‍ ബഹിരാകാശത്ത് കഴിയും. നാലംഗ സംഘത്തെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭൗമോപരിതലത്തില്‍നിന്ന് 1400.13 കിലോ മീറ്റർ ദൂരേക്കാണ് ഇവർ യാത്ര ചെയ്യുക. 1972-ല്‍ നടത്തിയ അപ്പോളോ 17 ചാന്ദ്രദൗത്യത്തിന് ശേഷം ആദ്യമായാണ് ഇത്രയും ദൂരം മനുഷ്യർ ബഹിരാകാശ യാത്ര നടത്തുന്നത്. 1966-ലെ ജെമിനി 11 ദൗത്യത്തിന് ശേഷം ഏറ്റവും ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് സഞ്ചരിക്കുന്ന ദൗത്യമെന്ന നേട്ടവും പൊളാരിസ് ഡൗണിനായിരിക്കും. കൂടാതെ പൂർണമായും സ്വകാര്യ വ്യക്തികള്‍ മാത്രം യാത്ര ചെയ്യുന്ന ദൗത്യം കൂടിയാണിത്.
ഷിഫ്റ്റ് 4 സി.ഇ.ഒ. ജാരെഡ് ഐസാക്മാൻ ആണ് മിഷൻ കമാൻഡർ, മിഷൻ പൈലറ്റ് സ്കോട്ട് പൊറ്റീറ്റ്, മിഷൻ സ്പെഷ്യലിസ്റ്റ് സാറാ ഗില്ലിസ്, മിഷൻ സ്പെഷ്യലിസ്റ്റ് അന്ന മെനോൻ എന്നിവരാണ് ദൗത്യത്തിലെ യാത്രികർ. ഏറ്റവും കൂടുതല്‍ ഉയരത്തില്‍ സഞ്ചരിക്കുന്നതിനൊപ്പം ആദ്യ വാണിജ്യ ബഹിരാകാശ നടത്തം, ഇൻ സ്പേസ് സ്പേസ് കമ്മ്യൂണിക്കേഷൻസ്, ഹെല്‍ത്ത് ഇംപാക്‌ട് റിസർച്ച് തുടങ്ങിയ ചുമതലകളും ദൗത്യ സംഘത്തിനുണ്ട്. 2024 ജൂലായ് 31-ന് മുമ്ബ് തന്നെ ദൗത്യം വിക്ഷേപിക്കുമെന്നാണ് പ്രഖ്യാപനം. അത് ചിലപ്പോള്‍ നേരത്തെ സംഭവിക്കാം ചിലപ്പോള്‍ വൈകിയേക്കാം.