തിരുവനന്തപുരം: ബിനോയ് വിശ്വത്തെ ചരിത്രം പഠിപ്പിക്കാൻ എസ്എഫ്ഐ വളർന്നിട്ടില്ലെന്ന് എഐഎസ്എഫ്. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം. തെറ്റ് തിരുത്തി കലാലയങ്ങളെ അക്രമവിമുക്തമാക്കാനും ജനാധിപത്യവൽക്കരിക്കാനുമുള്ള പക്വത കാണിക്കണമെന്നും എഐഎസ്എഫ് പ്രസ്താവനയിൽ വിമർശിച്ചു.
ബിനോയ് വിശ്വത്തിന്റെ ക്രിയാത്മക വിമർശനങ്ങളോടുള്ള എസ്എഫ്ഐയുടെയും ചില സിപിഎം നേതാക്കളുടെയും പ്രതികരണം അവരുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് വെളിപ്പെടുത്തുന്നത്. സ്വയം അപഹാസ്യരാവുകയാണ് എസ്എഫ്ഐയെന്നും എഐഎസ്എഫ് പരിഹസിച്ചു.
എസ്എഫ്ഐയുടെ പ്രവര്‍ത്തന ശൈലിയെ ചൊല്ലി സിപിഎം സിപിഐ വാക് പോര് നടക്കുന്നതിനിടെയാണ് എഐഎസ്എഫും രംഗത്ത് വരുന്നത്. ഇങ്ങനെ പോയാൽ എസ്എഫ്ഐ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും വിമര്‍ശനത്തിൽ ഉറച്ചു നിൽക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ചെറിയ വീഴ്ചകൾ ഉണ്ടെങ്കിൽ സംഘടന പരിഹരിക്കുമെന്നും ബിനോയ് വിശ്വത്തിന് പദാനുപദ മറുപടിക്കില്ലെന്നും എംവി ഗോവിന്ദൻ തിരിച്ചടിച്ചു.
സഭയിലടക്കം മുഖ്യമന്ത്രി എസ്എഫ്ഐയെ ന്യായീകരിച്ച് പ്രസംഗിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെയും എഐഎസ്എഫ് ഇന്നലെ തള്ളിപ്പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഇരയ്ക്കൊപ്പമാണോ വേട്ടക്കാർക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് എഐഎസ്എഫ് തുറന്നടിക്കുന്ന സാഹചര്യമുണ്ടായി.
ബിനോയ് വിശ്വം എസ്എഫ്ഐയെ വിമർശിച്ചതിന് പിന്നാലെ എസ്എഫ്ഐയെ ന്യായീകരിച്ച് സിപിഎം നേതാവ് എ.കെ. ബാലൻ രംഗത്തെത്തിയിരുന്നു. എസ്എഫ്ഐയുടെ ചോര കുടിക്കാൻ ആരെയും അനുവദിക്കില്ലെന്നായിരുന്നു ബാലന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് പ്രസ്താവനയുമായി എഐഎസ്എഫ് രംഗത്തെത്തിയത്.