Recipe

നല്ല നാടന്‍ കക്കായിറച്ചി വരട്ടിയത് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ പോരെ നമുക്കൊന്ന് തയ്യാറാക്കി നോക്കാം..-Kerala Style Kakka irachi Roast

പലരുടെയും ഇഷ്ടവിഭവമാണ് കക്കായിറച്ചി കൊണ്ടുള്ള കറികള്‍. കക്കായിറച്ചി കൊണ്ട് പലതരം വിഭവങ്ങള്‍ ഉണ്ടാക്കാം. ചിക്കന്‍ കറി വെക്കുന്നതുപോലെയും തോരനായിട്ടും ഒക്കെ. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒരു കക്കായിറച്ചി വരട്ടിയത് നമുക്കൊന്ന് തയ്യാറാക്കി നോക്കിയാലോ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം ആയിരിക്കും ഇത്. ലഞ്ചിന് നിങ്ങള്‍ക്ക് ചോറിന്റെ കൂടെ കഴിക്കാന്‍ പറ്റുന്ന നല്ലൊരു അടിപൊളി ഐറ്റം കൂടിയാണിത.

കക്കായിറച്ചി വരട്ടിയത് ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍;

  • കക്കായിറച്ചി- കഴുകി വൃത്തിയാക്കിയത്
  • ഉപ്പ്- ആവശ്യത്തിന്
  • കുരുമുളകുപൊടി
  • മഞ്ഞള്‍പൊടി
  • മല്ലിപ്പൊടി
  • ഗരംമസാല
  • മുളകുപൊടി
  • തേങ്ങാക്കൊത്ത്
  • വറ്റല്‍മുളക്
  • ആവശ്യത്തിന് കറിവേപ്പില
  • ഒരു സവാള അല്ലെങ്കില്‍ ഒരു കപ്പ് ചെറിയ ഉള്ളി

ഇനി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം;

ആദ്യം കക്കായിറച്ചി നല്ലപോലെ വൃത്തിയാക്കി കഴുകി എടുക്കുക. ശേഷം ഒരു ചട്ടിയിലേക്ക് മാറ്റി മുങ്ങിക്കിടക്കുന്ന പോലെ പരുവത്തില്‍ വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഇട്ട് അടച്ചുവെച്ച് വേവിക്കുക. വെള്ളം നന്നായി തിളച്ചു കിട്ടുമ്പോള്‍ തന്നെ കക്കായിറച്ചി വെന്തുകിട്ടും. വെന്തുകഴിഞ്ഞാല്‍ ഉടന്‍ തന്നെ കാക്കായിറച്ചി വെള്ളത്തില്‍ നിന്നും കോരി മാറ്റിവെക്കുക. ശേഷം മറ്റൊരു പാന്‍ അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് കടുക് ഇടുക ശേഷം അതിലേക്ക് ഒരു ഒരു സ്പൂണ്‍ അരി ചേര്‍ത്ത് കൊടുക്കാം. അരി ചേര്‍ത്ത് കൊടുക്കുമ്പോള്‍ വിഭവങ്ങള്‍ക്കെല്ലാം പ്രത്യേകമായൊരു രുചി തന്നെ ലഭിക്കും. ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള തേങ്ങാക്കൊത്ത് ചേര്‍ത്തു കൊടുക്കാം. അതോടൊപ്പം തന്നെ വറ്റല്‍മുളക് മുറിച്ചതും അല്‍പ്പം കറിവേപ്പിലയും ഇട്ട് നന്നായി ഇളക്കി കൊടുക്കുക.

ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ത്ത് കൊടുക്കാം. സവാളയ്ക്ക് പകരം ചെറിയ ഉള്ളി ആണെന്നുണ്ടെങ്കില്‍ ടെസ്റ്റ് കുറച്ചുകൂടെ കൂടും. ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു സ്പൂണ്‍ ചേര്‍ത്തു കൊടുക്കാം. എന്നിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി അല്‍പ്പം ഉപ്പും രണ്ട് പച്ചമുളകും കൂടി ചേര്‍ത്ത് കൊടുക്കുക. എല്ലാം നന്നായി വെന്തു കഴിയുമ്പോഴേക്കും ഇതിലേക്ക് പൊടികള്‍ ചേര്‍ത്ത് കൊടുക്കണം. മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി. ഗരം മസാല. കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് കൊടുത്ത് നന്നായി ഇളക്കുക.

പൊടികളുടെ പച്ചമണം എല്ലാം മാറിക്കഴിയുമ്പോള്‍ കഴുകി വെച്ചിരിക്കുന്ന കക്കായിറച്ചി ഇതിലേക്ക് യോജിപ്പിക്കുക. ശേഷം കക്കായിറച്ചിയുടെ എല്ലാ ഭാഗത്തും മസാല പിടിക്കുന്ന രീതിയില്‍ നല്ലപോലെ ഇളക്കി കൊടുക്കുക. പൊടികളെല്ലാം കക്കായിറച്ചിയില്‍ പിടിക്കുന്നതിനു വേണ്ടി രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് കൊടുക്കാം. വെള്ളം ഒഴിച്ചു കൊടുത്താല്‍ അടച്ചുവെച്ച് വേണം ഇത് വേവിക്കാന്‍. വളരെ കുറച്ച് സമയത്തിനുളളില്‍ തന്നെ മസാലയൊക്കെ കക്കായിറച്ചിയില്‍ പിടിക്കും. ഇതോടുകൂടി നല്ല അടിപൊളി കക്കായിറച്ചി വരട്ടിയത് റെഡി. ചോറിനും ചപ്പാത്തിക്കും ഒക്കെ ഒരുപോലെ കഴിക്കാന്‍ പറ്റുന്ന ഒരു വിഭവമാണിത്.