തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമുണ്ടെന്നും അധിക സീറ്റ് വേണമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിയമിച്ച കമ്മിറ്റി ശുപാര്‍ശ ചെയ്തു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്. സപ്ലിമെൻററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിച്ചാവണം ബാച്ച് തീരുമാനിക്കാനെന്ന് ശുപാർശയിൽ പറയുന്നു.
മലപ്പുറം ആർ.ഡി.ഡി, വിദ്യാഭ്യാസ ജോ. ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിയമസഭയിലെത്തി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം വിദ്യാഭ്യാസ വകുപ്പ് മലപ്പുറത്തെ പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുമെന്നാണ് കരുതുന്നത്.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി ജൂൺ 25ന് വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സമിതിയെ നിയോഗിച്ചത്. മലപ്പുറത്ത് താത്കാലിക ബാച്ച് അനുവദിക്കുമെന്ന് യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. 15 വിദ്യാർഥി സംഘടനകളായിരുന്നു യോഗത്തിൽ പങ്കെടുത്തത്. സമിതിയുടെ റിപ്പോർട്ട് പ്രകാരം തീരുമാനമെടുക്കുമെന്നും ആവശ്യമെങ്കിൽ അധിക ബാച്ചുകൾ സർക്കാർ സ്കൂളുകളിൽ അനുവദിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു.
അതേസമയം, സംസ്ഥാനത്തെ പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷാ കണക്കുകൾ ഇന്നു രാവിലെ പുറത്തുവന്നിരുന്നു. സംസ്ഥാനത്താകെ 57,712 അപേക്ഷകരാണുള്ളത്. മലപ്പുറത്തെ 16,881 അപേക്ഷകരും ഇതിൽ ഉൾപ്പെടും. മലബാറിലെ സീറ്റ് പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുമെന്നാണ് ഈ കണക്കും വ്യക്തമാക്കുന്നത്.