ചെന്നൈ: ബഹുജൻ സമാജ്വാദി പാര്‍ട്ടി തമിഴ്നാട് ഘടകം സംസ്ഥാന അധ്യക്ഷൻ കൊല്ലപ്പെട്ടു. ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ.ആംസ്ട്രോങിനെ ചെന്നൈയിലെ വീടിന് അടുത്ത് വച്ച് സംഘടിച്ചെത്തിയ ആറ് പേരാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് വിവരം.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയത്. വടിവാളുപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചുവെന്നും പ്രതികൾക്കായി അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.