മനുഷ്യന്റെ അന്ധവിശ്വാസങ്ങളിലേക്ക് വേഗത്തിൽ പറന്നെത്തുകയും കൂടുകൂട്ടിക്കഴിയുകയും ചെയ്യുന്ന ജീവിയാണ് വവ്വാൽ. പല യക്ഷിക്കഥകളിലും വവ്വാൽ ഒഴിവാക്കാനാകാത്ത ഘടകമായുണ്ട് . വവ്വാലുകൾ പ്രകൃതിയുടെ അവിഭാജ്യ ഘടകമാണെന്നു ജന്തുശാസ്ത്രജ്ഞരും പറയുന്നു. കോവിഡ് കാലം തുടങ്ങിയ ശേഷം വവ്വാലുകൾ ഇന്ത്യയുൾപ്പെടെ പലയിടങ്ങളിൽ ആക്രമണങ്ങൾക്കിരയായിരുന്നു. കൊറോണ വൈറസ് ഇവ പരത്തുന്നുണ്ടെന്ന ആശങ്കയിലാണ് ആക്രമണങ്ങൾ നടന്നത്. പലയിടത്തും വവ്വാലുകളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവങ്ങൾ പോലുമുണ്ടായി.
ലോകത്തിലെ നൂറുകണക്കിന് വവ്വാലിനങ്ങളിൽ ഒരേയൊരിനം മാത്രമേ രക്തം കുടിക്കുന്നവയായുള്ളൂ. അവയുടെ പേരാണ് വാംപയർ ബാറ്റ്. മനുഷ്യനടക്കമുള്ള ജീവികളുടെ രക്തം ഊറ്റിക്കുടിക്കുന്ന കണ്ണിൽച്ചോരയില്ലാത്തവരാണ് വാംപയർ ബാറ്റുകൾ എന്നാരും പറഞ്ഞേക്കരുത്. കാരണം, മനുഷ്യരല്ല, കന്നുകാലികളും മറ്റുമാണ് ഇവയുടെ പ്രധാന ഇരകൾ. സാധാരണ ഇവ വേൾഡ് ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആണ് കാണപ്പെടുന്നത് . സാധാരണ വാമ്പയർ ബാറ്റ് , വെള്ള ചിറകുള്ള വാമ്പയർ ബാറ്റ് , രോമമുള്ള കാലുകളുള്ള വാമ്പയർ ബാറ്റ് എന്നിവ മാത്രമാണ് രക്തം ഭക്ഷിക്കുന്ന വവ്വാലുകൾ. സാധാരണ വാമ്പയർ വവ്വാലുകൾ കാർഷിക മേഖലകളിൽ വളരുകയും കോഴികളെയടക്കം ഭക്ഷിക്കുകയും ചെയ്യുന്നു.
കന്നുകാലികളും മറ്റുമാണ് ഇവയുടെ പ്രധാന ഇരകൾ. രക്തം ഊറ്റിക്കുടിക്കുകയല്ല, ഇരയുടെ ശരീരത്തിൽ ഇരപോലുമറിയാതെയുണ്ടാക്കുന്ന കൊച്ചു മുറിവുകളിൽ നിന്ന് ചോര നക്കിക്കുടിക്കുകയാണ് വാംപയർ ബാറ്റുകളുടെ രീതി, ജീവനു ഭീഷണി പോയിച്ച് ചെറിയൊരു ചൊറിച്ചിൽ പോലും ഇതുമൂലം ഇരയ്ക്കുണ്ടാവുന്നില്ല . സാധാരണ വാമ്പയർ വവ്വാലുകൾ വാലില്ലാത്തവയാണ്, അവ ഇടത്തരം വലിപ്പമുള്ളവയുമാണ്, ഇവയ്ക്ക് 7–9 സെന്റീമീറ്റർ (2.8–3.5 ഇഞ്ച്) നീളമുണ്ട്. ഇതിന്റെ രോമങ്ങൾ ചെറുതാണ്, തവിട്ട് മുതൽ ചുവപ്പ് കലർന്ന ഓറഞ്ച് വരെ നിറമുണ്ട് ഇവയ്ക്ക്. ഇതിന്റെ ചിറകുകൾ നീളമുള്ളതും കൂർത്തതുമാണ്; തള്ളവിരലിന്റെ ആദ്യഭാഗങ്ങൾ അസാധാരണമാംവിധം നീളമുള്ളതാണ്, തവളയെപോലെ നിലത്തുകൂടെ ചാടാനും ഇഴയാനും ഇതിനു കഴിയും . സാധാരണ വാമ്പയർ വവ്വാൽ നിലത്തു നിന്ന് പറന്നുയരാൻ കഴിവുള്ള ഒരേയൊരു വവ്വാലാണ് .
ചിറക് മാറ്റിനിർത്തിയാൽ ഒരു മനുഷ്യന്റെ തള്ളവിരലോളം വലുപ്പമേ വാംപയർ ബാറ്റുകൾക്കുള്ളൂ. തങ്ങളേക്കാൾ 10,000 ഇരട്ടി വലുപ്പമുള്ളവരുടെ വരെ ചോര ഇവ കുടിക്കും. ഇരയുടെ രക്തം കട്ടപിടിക്കാതിരിക്കാനുള്ള സൂത്രം ഇവയുടെ ഉമിനീരിലുണ്ട്. ഇര എത്ര വലുതായാലും ഒരു ടീസ്പൂണോളം ചോരയേ വാംപയർ ബാറ്റുകൾക്കു വേണ്ടൂ. അത്രയും കുടിക്കുമ്പോഴേക്കും ശരീരഭാരം ഇരട്ടിയാകും. പിന്നെ സ്വന്തം താവളങ്ങളിലേക്ക് ബദ്ധപ്പെട്ട് പറക്കും. സാധാരണ വാമ്പയർ വവ്വാലുകൾക്ക് വളരെ വികസിച്ച സാമൂഹിക ഘടനയുണ്ട് . ഒരു ഗ്രൂപ്പിലെ ഒരു വവ്വാലിനു രാത്രിയിൽ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ വരുമ്പോൾ, അതിന്റെ ഗ്രൂപ്പിലെ അംഗങ്ങൾ അവരുടെ രക്തഭക്ഷണം പങ്കിടുന്നു. പകൽ മുഴുവൻ മരത്തിനു മുകളിലും ഗുഹകളിലും മറ്റും തലകീഴായി മയക്കം. രാത്രി വീണ്ടും ഇരതേടി സഞ്ചാരം. ഇങ്ങനെ പോകുന്നു വാംപയർ ബാറ്റുകളുടെ ജീവിതം.