അറിവിന്‍റെ കൈത്തിരി കുഞ്ഞുങ്ങൾക്കു പകരുന്ന സരസ്വതി ക്ഷേത്രങ്ങൾ ഏറെയുണ്ട് നമ്മുടെ നാട്ടിൽ. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ഭഗവതി ക്ഷേത്രവും വടക്കും പറവൂർ ശ്രീമൂകാംബിക ക്ഷേത്രവും തട്ടാരമ്പലം സരസ്വതി ക്ഷേത്രവുമൊക്കെ കേരളത്തിലെ അറിയപ്പെടുന്ന സരസ്വതി ക്ഷേത്രങ്ങളാണ് . അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആവണംകോട് സരസ്വതി ക്ഷേത്രം . ഈ സരസ്വതീക്ഷേത്രത്തിൽ പോയി നാവിന്റെ രൂപം, മണി, നാരായം എന്നിവ നടയ്ക്ക വച്ചാൽ കുട്ടികൾ സ്ഫുടമായി സംസാരിക്കുകയും നന്നായി പഠിക്കുകയും നല്ല കൈയക്ഷരം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.നെടുമ്പാശ്ശേരിക്ക് സമീപമായാണ് ക്ഷേത്രം നിലകൊള്ളുന്നത്. 1200 വർഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ പരശുരാമൻ കണ്ടെത്തിയ സ്വയംഭൂവായ ദേവിയാണ്. ശാന്തസ്വരൂപിണിയായ കുമാരിയാണ് ഇവിടെ ദേവി. 108 ദുർഗാ ക്ഷേത്രങ്ങളിൽ ഇതും ഉൾപ്പെടുന്നു. മിഥുനമാസത്തിലെ പൂയ്യം നാളിലാണ് പരശുരാമൻ ഇവിടെ ദേവീചൈതന്യം കണ്ടെത്തിയതെന്നാണു വിശ്വാസം.
സരസ്വതീ ദേവീയുടെ പ്രതിഷ്ഠ കൂടാതെ ദേവിയുടെ വാഹനമായ സിംഹത്തിന്റെയും ഒപ്പം ഗണപതിയുടെയും പ്രതിഷ്ഠ ഇവിടെ കാണാം. സാക്ഷാൽ ജഗദ്ഗുരു ശങ്കരാചാര്യരെ എഴുത്തിനിരുത്തിയത് ഇവിടെയായിരുന്നത്രെ. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അദ്ദേഹം, കുട്ടിക്കാലത്തേ അച്ഛൻ മരിച്ചു പോയതിനാൽ അമ്മാത്തായിരുന്നു വളർന്നത്. പാരമ്പര്യ രീതിയിൽ നമ്പൂതിരി സമ്പ്രദായമനുസരിച്ച് മനയിൽവച്ചു പൂജകൾ നടത്തിയ ശേഷമുള്ള എഴുത്തിനിരുത്തു നടന്നില്ല. പിന്നീട് കാലടിയിൽനിന്ന് ഇവിടെ കൂട്ടിക്കൊണ്ടുവന്നാണ് അമ്മ അദ്ദേഹത്തെ എഴുത്തിനിരുത്തിയത് എന്നാണ് ഐതിഹ്യം. ഇവിടെ പൂജിച്ചു തരുന്ന സാരസ്വതഘ്രതം കഴിച്ചാൽ കുട്ടികൾക്കു പഠനത്തിൽ കൂടുതൽ താൽപര്യം ഉണ്ടാവുകയും പരീക്ഷകളിൽ ഉന്നത വിജയം ലഭിക്കുകയും ചെയ്യുമത്രേ. ജാതകത്തിൽ ബുധനു ബലക്കുറവുള്ളവർ ഇവിടെവന്നു പ്രാര്‍ഥിക്കാറുണ്ട്. സരസ്വതി ക്ഷേത്രമായതിമാൽ ഇവിടുത്തെ ഏറ്റവും പ്രധാന ദിനങ്ങൾ നലരാത്രിയുടെയും വിജയ ദശമിയുടെയും ദിനങ്ങളാണ്.
ആയിരക്കണക്കിന് വിശ്വാസികളാണ് ഈ ദിവസങ്ങളിൽ പ്രാര്‍ഥനയ്ക്കും കുട്ടികളെ എഴുത്തിനിരുത്തുവാനുമായി ഇവിടെ എത്തുന്നത്. യഥാർഥത്തിൽ പ്രതിഷ്ഠയില്ല. ഒരു ശില മാത്രമാണുള്ളത്. ബാക്കി ഭാഗം ഭൂമി ക്കടിയിലാണ്. സാധാരണ ദിവസങ്ങളിൽ വെളളി ഗോളകയാണ് വയ്ക്കുന്നത്. വിശേഷദിവസങ്ങളില്‍ സ്വർണ ഗോളകയും. വൃശ്ചികത്തിലെ കാർത്തിക വിളക്കും കന്നിയിലെ നവരാത്രിയും ഇവിടെ വിശേഷമാണ്. വേങ്ങൂർ, മാണിക്യമംഗലം, ചെങ്ങൽ, എടാട്ട്, ആവണംകോട്, നായത്തോട്, എഴിപ്രം എന്നിവ ആറു സഹോദരിമാരും ഒരു സഹോദരനും ആണെന്നാണ് വിശ്വാസം. നായത്തോട് ക്ഷേത്രത്തിലെ മൂർത്തി ശങ്കരനാരായണനാണ് ആ സഹോദരൻ. സാധാരണ എല്ലായിടങ്ങളിലും വിജയദശമി ദിനത്തിൽ മാത്രമാണ് വിദ്യാരംഭം നടത്തുന്നത്. എന്നാൽ ഇവിടെ കുഞ്ഞുങ്ങളെ അക്ഷര ലോകത്തേയ്ക്ക് കൈപിടിച്ചു കയറ്റുവാൻ വിജയദശമി വരെ കാത്തിരിക്കേണ്ടതില്ല. വർഷത്തിലെ ഏതു ദിവസവും ആവണംകോട് ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കുന്നതിന് ഉചിതമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ മിക്ക ദിവസവും കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് നടക്കാറുണ്ട്.ഇവിടത്തെ പ്രധാന വഴിപാട് വിദ്യാവാഗേശ്വരീ പൂജയും മഹാഭിഷേകവുമാണ്. വിദ്യാമന്ത്രം, സാരസ്വതം, ദ്വാദശാക്ഷരി പുഷ്പാഞ്ജലികളും നടത്തുന്നു