World

മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വാതക ചോര്‍ച്ച; 39 പേര്‍ക്ക് ദേഹാസ്വസ്ഥ്യം-Gas leak at Malaysia’s Kuala Lumpur airport

മലേഷ്യയിലെ ക്വാലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ വാതക ചോര്‍ച്ച. സംഭവത്തില്‍ 39 പേര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. എന്നാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ലെന്നും ഫളൈറ്റ് തടസ്സങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അഗ്‌നിശമനസേന അറിയിച്ചു.

സതേണ്‍ സപ്പോര്‍ട്ട് സോണ്‍ സെപാങ് എയര്‍ക്രാഫ്റ്റ് എഞ്ചിനീയറിംഗ് വിഭാഗത്തിലാണ് വാതക ചോര്‍ച്ച ഉണ്ടായത്. രാവിലെ 11.23 നായിരുന്നു സംഭവം. വാതക ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ തങ്ങളുടെ ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചതായി സെലാംഗൂര്‍ സ്റ്റേറ്റ് അഗ്‌നിശമന വിഭാഗം അറിയിച്ചു. എന്‍ജിനീയറിങ് വിഭാഗവും പാസഞ്ചര്‍ ടെര്‍മിനലും തമ്മില്‍ നല്ല ദൂരവ്യത്യാസമുണ്ടെന്നും എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് കമ്പനികളില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതെന്നും വിമാനത്താവളത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

‘മുപ്പത്തിയൊന്‍പത് പേര്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും ഉണ്ടായി. കൂടാതെ 14പേരെ ചികിത്സയ്ക്കായി എയര്‍ ഡിസാസ്റ്റര്‍ യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊതു സുരക്ഷയ്ക്ക് ഭീഷണിയില്ല. ദ്രവീകൃത പെട്രോളിയം വാതകത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന മീഥൈല്‍ മെര്‍കാപ്ടാന്‍ എന്ന രാസവസ്തുവാണ് ലീക്കായത്. സ്ഥാപനത്തിലെ ഉപയോഗശൂന്യമായ ടാങ്കില്‍ നിന്നാണ് വാതകച്ചോര്‍ച്ച ഉണ്ടായിരിക്കുന്നത്. ചോര്‍ച്ച പരിഹരിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. ടാങ്ക് പൊളിച്ച് നീക്കം ചെയ്യാനും അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്’, പ്രസ്താവനയില്‍ പറയുന്നു.