UAE

ഇനി മുതല്‍ ഇന്ത്യന്‍ എടിഎം കാര്‍ഡോ യുപിഐ പേയ്‌മെന്റ് ക്യുആര്‍ കോഡോ ഉപയോഗിച്ച് യുഎഇയില്‍ പണമിടപാട് നടത്താം; നിയമം പ്രാബല്ല്യത്തില്‍-You can make money transactions in UAE using Indian ATM card

ന്യൂഡല്‍ഹി: ദുബായ് സന്ദര്‍ശക വിസയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്കും യുഎഇയിലെ താമസ വിസക്കാര്‍ക്കും ഇനി മുതല്‍ ഇന്ത്യന്‍ എടിഎം കാര്‍ഡോ യുപിഐ പേയ്‌മെന്റ് ക്യുആര്‍ കോഡോ ഉപയോഗിച്ചു യുഎഇയില്‍ പണമിടപാട് നടത്താം. നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ഗള്‍ഫ് മേഖലയിലെ പേയ്‌മെന്റ് കമ്പനിയായ നെറ്റ്വര്‍ക്കും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണിത്. നെറ്റ്വര്‍ക് ഇന്റര്‍നാഷനലിന്റെ പിഒഎസ് മെഷീനുകളിലൂടെ യുപിഐ പണമിടപാടിനുള്ള സൗകര്യം നിലവില്‍ വന്നു.

നാട്ടിലെ എടിഎം കാര്‍ഡ് ഉപയോഗിച്ചോ യുപിഐ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ പണമിടപാട് നടത്താം. പുതിയ സംവിധാനം നിലവില്‍ വന്നതോടെ യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് രൂപ ദിര്‍ഹത്തിലേക്കു മാറ്റി കൊണ്ടുപോകേണ്ടതില്ല. ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ്‌കുമാര്‍ ശിവന്‍ കഴിഞ്ഞ ദിവസം ദുബായ് എമിറേറ്റ്‌സ് മാളില്‍ ആദ്യ യുപിഐ ഇടപാട് നടത്തി. നെറ്റ്വര്‍ക്ക് ഇന്റര്‍നാഷനലിനു 2 ലക്ഷത്തിലേറെ പിഒഎസ് മെഷീനുകളുണ്ട്.

രൂപയില്‍ നിന്നു ദിര്‍ഹത്തിലേക്ക് എക്‌സ്‌ചേഞ്ച് ചെയ്യുമ്പോഴുണ്ടാകുന്ന സാമ്പത്തിക നഷ്ട്ടം കുറയ്ക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. സന്ദര്‍ശക വിസയില്‍ വരുന്നവര്‍ ദിര്‍ഹത്തില്‍ നിശ്ചിത തുക കയ്യില്‍ കരുതണമെന്നാണ് നിലവിലുള്ള നിയമം. എന്നാല്‍ ഇനി തുല്യമായ തുകയ്ക്ക് ഇന്ത്യന്‍ രൂപ അക്കൗണ്ടില്‍ ഉണ്ടെങ്കില്‍ എടിഎം കാര്‍ഡും അക്കൗണ്ട് സ്റ്റേറ്റ്ന്റും കൈവശം കരുതി യാത്ര ചെയ്യാം.