Kuwait

‘വിവാഹം കഴിക്കണം, അനുയോജ്യനായ വരനെ കണ്ടെത്തി നല്‍കണം’; വിചിത്ര ആവശ്യവുമായി കുവൈത്തി ഗായികയും നടിയുമായ ഷംസ് അല്‍കുവൈതിയ്യ-Kuwaiti Actress Asked her Followers to Help her to Find a Groom

കുവൈത്ത് സിറ്റി: വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അനുയോജ്യനായ വരനെ കണ്ടെത്തി നല്‍കണമെന്നും ഫോളോവേഴ്‌സിനോട് അഭ്യര്‍ത്ഥിച്ച് കുവൈത്തി ഗായികയും നടിയുമായ ഷംസ് അല്‍കുവൈതിയ്യ. സാമൂഹിക മാധ്യമങ്ങളിലെ തന്റെ ഫോളോവേഴ്‌സിനോട് അഭ്യര്‍ത്ഥന. ഇന്‍സ്റ്റാഗ്രാം, സ്‌നാപ് ചാറ്റ്, എക്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഫോളോവേഴ്‌സിനോടാണ് തനിക്ക് വരനെ കണ്ടെത്തി നല്‍കണമെന്ന് ഷംസ് അഭ്യര്‍ത്ഥിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹിതയായി സ്വസ്ഥവും സുരക്ഷിതവുമായ കുടുംബ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നതായും ഷംസ് അല്‍കുവൈതിയ്യ അറിയിച്ചു. നടിയുടെ ഈയാവശ്യം ഫോളോവേഴ്സിനിടയില്‍ സമ്മിശ്ര പ്രതികരണങ്ങളുണ്ടാക്കി. ചിലര്‍ നടിയെ പരിഹസിച്ചു. മറ്റു ചിലര്‍ ഇവര്‍ക്ക് സന്തോഷകരമായ കുടുംബ ജീവിതം പ്രത്യാശിച്ചു. മൂന്നാമതൊരു കൂട്ടര്‍ സമീപ കാലത്ത് ശംസ് അല്‍കുവൈതിയ്യ പുറത്തുവിടുന്ന വീഡിയോകളുടെ ഉള്ളടക്കങ്ങളെ വിമര്‍ശിച്ചു.

ഷംസ് ബന്ദര്‍ നായിഫ് അല്‍അസ്ലമിയാണ് ഷംസ് അല്‍കുവൈതിയ്യ എന്ന പേരില്‍ പ്രശസ്തയായത്. 1980 ഏപ്രില്‍ 28 ന് ജനിച്ച ഷംസിന് രണ്ടാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് മാതാവ് കുവൈത്തി പൗരനെ വിവാഹം കഴിച്ചു. മാതാവിനും രണ്ടാനച്ഛനുമൊപ്പം കുവൈത്തില്‍ വളര്‍ന്ന ഷംസ് 2015 ല്‍ സൗദി, കുവൈത്ത് പൗരത്വങ്ങള്‍ ഒഴിവാക്കിയതായി അറിയിച്ചിരുന്നു. നിലവില്‍ സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് രാജ്യത്തെ പൗരത്വമാണ് ഷംസിനുള്ളത്.