ഉത്തർപ്രദേശ്: ഹാഥ്റസ് ജില്ലയിലെ ഫുൽറയി ഗ്രാമത്തിൽ ചൊവ്വാഴ്ച പ്രാർഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായ കേസിൽ, യോഗത്തിനു നേതൃത്വം നൽകിയ നാരായൺ സകർ വിശ്വഹരി ഭോലെ ബാബയെ പൊലീസ് ചോദ്യം ചെയ്തതായി സൂചന. മെയിൻപുരിയിലെ ആശ്രമം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഭോലെ ബാബയെ ചോദ്യം ചെയ്തതെന്നാണ് വിവരം. ആശ്രമത്തിലുണ്ടായിരുന്ന രണ്ട് വാഹനങ്ങളും ചില സുപ്രധാന രേഖകളും പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ അന്വേഷണസംഘം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, കേസിലെ മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ അറസ്റ്റിൽ. പ്രത്യേക അന്വേഷ സംഘത്തിന് മുന്നിൽ കീടങ്ങുകയായിരുന്നു. ഭോലെ ബാബയുടെ അഭിഭാഷകൻ എ.പി സിങാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. ഇയാളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഒളിവിൽ കഴിയുന്ന മധുകറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഉത്തർപ്രദേശ് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ പ്രാർഥനാച്ചടങ്ങിന്റെ സംഘാടകർ ഉൾപ്പെടെ 2 സ്ത്രീകളടക്കം 6 പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഘാടകർക്ക് മേൽ പൂർണമായും കുറ്റം ചുമത്തുന്ന രീതിയിലുള്ള പ്രാഥമിക റിപ്പോർട്ടാണ് അന്വേഷണ സംഘം സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. അതേസമയം തിക്കും തിരക്കുമുണ്ടാക്കിയത് സാമൂഹിക വിരുദ്ധരാണെന്നും ഇവർക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഭോലെ ബാബയും അഭിഭാഷകനും ആവശ്യപ്പെടുന്നത്. ദുരന്തത്തിന് കാരണം യു പി സർക്കാരിൻ്റെ വീഴ്ചയെന്ന് ഹാഥ്റസ് സന്ദർശിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.