ദുബൈ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന കൊടിയ ആക്രമണം പത്താം മാസത്തിലെത്തി നിൽക്കെ, വെടിനിർത്തൽ ചർച്ചക്കായുള്ള പ്രാരംഭ കൂടിയാലോചനകൾക്ക് ഖത്തർ തലസ്ഥാനമായ ദോഹയിൽ തുടക്കം. ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ മേധാവി ഡേവിഡ് ബർണിയ ഇന്നലെ ഖത്തറിലെത്തി നേതാക്കളുമായി ഹമാസ് സമർപ്പിച്ച നിർദേശം സംബന്ധിച്ച് ചർച്ച നടത്തി. ഹമാസ് മുന്നോട്ടു വെച്ച ചില കാര്യങ്ങളിലുള്ള എതിർപ്പ് മധ്യസ്ഥ രാജ്യം എന്ന നിലയിൽ ഖത്തറിനെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബന്ദികൾക്ക് പകരം കൈമാറുന്ന ഫലസ്തീൻ തടവുകാരുടെ കാര്യത്തിൽ ഹമാസ് ഉപാധി സ്വീകാര്യമല്ലെന്നാണ് ഇസ്രായേൽ നിലപാട്. അടുത്ത ആഴ്ച നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ ഇസ്രായേൽ സംഘം പങ്കെടുക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ചർച്ച ചിലപ്പോൾ ദിവസങ്ങളോ ആഴ്ചകളോ നീണ്ടേക്കുമെന്ന സൂചനയാണ് ഇസ്രായേൽ നൽകുന്നത്. ഹമാസിൻ്റെ പ്രതികരണം പ്രതീക്ഷ നൽകുന്നതാണെന്നും വൈകാതെ വെടിനിർത്തൽ യാഥാർഥ്യമാകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ഇസ്രായേൽ, ഹമാസ് ചർച്ചയിൽ യൂറോപ്യൻ യൂണിയനും പ്രത്യാശ പ്രകടിപ്പിച്ചു. ബന്ദികളുടെ മോചനത്തിനായുള്ള കരാറിനെ പിന്തുണക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് പറഞ്ഞു. അതേസമയം, ഗസ്സയിൽ വിദേശ രാജ്യങ്ങളുടെ സംയുക്ത സേനക്കു കീഴിൽ സുരക്ഷാ മേൽനോട്ടം ഉണ്ടാകണമെന്ന ഇസ്രായേൽ നിർദേശം അനുവദിക്കില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. ഒരു വിദേശ സേനയുടെയും സാന്നിധ്യം ഫലസ്തീൻ ജനത അംഗീകരിക്കില്ലെന്നും ഹമാസ് വ്യക്തമാക്കി.
ഗസ്സയിൽ ഇസ്രായേൽ ആക്രമണം മാറ്റമില്ലാതെ തുടരുകയാണ്. വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഏഴ് ഫലസ്തീൻകാർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രായേൽ, ലബനാൻ അതിർത്തിയിലും സംഘർഷത്തിന് അയവില്ല. ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ. അമ്പതിലേറെ റോക്കറ്റുകളാണ് ഹിസ്ബുല്ല ഇന്നലെയും ഇസ്രായേൽ കേന്ദ്രങ്ങൾക്ക് നേരെ അയച്ചത്.