India

പഞ്ചാബിൽ ശിവസേനാ നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ | Attempt to kill Shiv Sena leader in Punjab; Two people were arrested

അമൃത്‌സർ: പഞ്ചാബ് ശിവസേനാ നേതാവ് സന്ദീപ് ഥാപ്പറെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. അക്രമിസംഘത്തിലുണ്ടായിരുന്ന രണ്ടു പേരാണ് പിടിയിലായത്. മൂന്നാമനായി തിരച്ചിൽ തുടരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സന്ദീപിനെ നടുറോഡിൽ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നേതാവിനെ ലുഥിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് വിവരം. ലുധിയാനയിലെ തിരക്കേറിയ തെരുവിൽ വച്ചായിരുന്നു ആക്രമണം. നിഹാം​ഗുകളുടെ വേഷത്തിലെത്തിയ ആക്രമകാരികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപ് ഥാപ്പറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്കും കൈയ്ക്കുമാണ് ഗുരുതരമായി വെട്ടേറ്രത്.

സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തിൽ സന്ദീപ് ഥാപ്പറിന് ഗൺമാനെ നൽകിയിരുന്നു. എന്നാൽ നിഹാംഗുകള്‍ ആക്രമിക്കുന്നതിനിടെ ​ഗൺ‍മാൻ ഓടി രക്ഷപ്പെട്ടു. ഇയാളെ സസ്പെൻഡ് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു.