എറണാകുളം: എഞ്ചിനീയറിംഗ് പരീക്ഷയിലെ കൂട്ടത്തോല്‍വിയില്‍ കടുത്ത നടപടിക്കൊരുങ്ങി സാങ്കേതിക സര്‍വകലാശാല. 25 ശതമാനത്തിൽ താഴെ വിജയം ഉള്ള കോളജുകളിൽ മോണിറ്ററിങ് സംവിധാനം ഒരുക്കും. 15 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് നീക്കം. വിജയ ശതമാനം കുറഞ്ഞത് വിദേശ സർവകലാശാലകൾ മുതലെടുക്കുന്നു എന്ന് നിരീക്ഷണമുണ്ട്. സ്വാശ്രയ കോളേജ് മാനേജ്മെൻ്റുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
53 ശതമാനമായിരുന്നു ഇത്തവണ കെടിയു അവസാന വര്‍ഷ ബി.ടെക്ക് പരീക്ഷയിലെ വിജയ ശതമാനം. 26 കോളജുകള്‍ക്ക് 25 ശതമാനം വിദ്യാര്‍ത്ഥികളെ പോലും ജയിപ്പിക്കാനായിരുന്നില്ല. ഒരൊറ്റ വിദ്യാർഥി പോലും പാസാവാത്ത ഒരു കോളേജും കൂട്ടത്തിൽ ഉണ്ട്. ആറ് കോളജുകളുടെ വിജയം പത്ത് ശതമാനത്തിൽ താഴെയായിരുന്നു. 70 ശതമാനത്തിനു മുകളിൽ കുട്ടികളെ ജയിപ്പിക്കാനായത് 17 കോളേജുകൾക്ക് മാത്രമാണ്. ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് പഠനനിലാവാരത്തെ കുറിച്ചുള്ള ആശങ്കകളുമുയര്‍ന്നു. വലിയ തോല്‍വിയില്ലെന്നാണ് സര്‍വകലാശാല ആദ്യം വിശദീകരിച്ചതെങ്കിലും നടപടിയെടുക്കാനാണ് നിലവിലെ തീരുമാനം.
ഇതോടെയാണ് ഇന്നലെ നടന്ന കോളേജ് മാനേജ്മെൻ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്തത്. യോഗത്തിൽ വിജയശതമാനം കുറഞ്ഞ കോളജുകളിലെ പ്രശ്നങ്ങൾ ചർച്ചയായി. വിജയ ശതമാനം കുറഞ്ഞത് സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലകൾ മുതലെടുക്കാൻ ശ്രമിക്കുന്നു എന്നും ഇതുവഴി സാങ്കേതിക വിദ്യാഭ്യാസം തേടി വിദ്യാർഥികൾ സംസ്ഥാനം വിട്ടുപോകാൻ സാധ്യത ഉണ്ടെന്നും അഭിപ്രായം ഉയർന്നു.
ചർച്ചക്കൊടുവിൽ അക്കാദമിക വിദഗ്ധരും സിൻഡിക്കേറ്റ് അംഗങ്ങളും ഉൾപ്പെടുന്ന ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. 25 ശതമാനം വിജയം നേടാൻ കഴിയാത്ത കോളേജുകളെ നിരീക്ഷിക്കുന്നതിനും പഠന നിലവാരം മെച്ചെപ്പെടുത്തുന്നതിനും വേണ്ടിയുള്ള പ്രവർത്തനമാകും ഈ കമ്മിറ്റിയുടെ ചുമതല. എന്നിട്ടും മെച്ചപ്പെടാത്ത കോളജുകൾക്ക് എതിരെ അച്ചടക്ക നടപടി എടുക്കാനാണ് ആലോചന. കമ്മിറ്റിയുടെ ഘടനയും പ്രവർത്തന രീതിയും സംബന്ധിച്ച കാര്യം വരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ആലോചിക്കും.