World

ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; റിഫോമിസ്റ്റ് സ്ഥാനാര്‍ഥി മസൂദ് പെസസ്‌കിയാന് വിജയം

ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിഫോമിസ്റ്റ് സ്ഥാനാര്‍ഥിയായ മസൂദ് പെസസ്‌കിയാന് വിജയം. ജൂണ്‍ 28ന് നടന്ന വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും ജയിക്കാനാവശ്യമായ 50 % വോട്ടു കിട്ടാത്തതിനെ തുടര്‍ന്നയിരുന്നു ഇന്നലെ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.ജൂണ്‍ 28ലെ വോട്ടെടുപ്പില്‍ മിതവാദിയായ പാര്‍ലമെന്റ് അംഗം മസൂദ് പെസസ്‌കിയാന്‍ ഒരു കോടി വോട്ടു നേടി മുന്നിലായിരുന്നു.

യാഥാസ്ഥിതികപക്ഷ സ്ഥാനാര്‍ഥി സയീദ് ജലീലി ആയിരുന്നു തൊട്ടു പിന്നില്‍. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ പെസസ്‌കിയാന്‍ വിജയിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 1979ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷമുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ പോളിങാണ് രേഖപ്പെടുത്തിയത്.

പ്രസിഡന്റ് ഇബ്രാഹിം റഈസി കഴിഞ്ഞ മാസം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇറാനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 69-കാരനായ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായ പെസസ്‌കിയാന്‍, ഇറാനെ അതിന്റെ ഒറ്റപ്പെടലില്‍ നിന്ന് കരകയറ്റാന്‍ ആണവകരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ പാശ്ചാത്യരാജ്യങ്ങളുമായി ‘സൃഷ്ടിപരമായ ബന്ധങ്ങള്‍’ വേണമെന്ന് അദ്ദേഹം പറഞ്ഞു.