വയനാട്ടില്‍ ഒരു മീശപ്പുലിമലയുണ്ടെന്ന് എത്രപേര്‍ക്കറിയാം. ഇനി സൂര്യോദയം കാണാന്‍ ഇടുക്കി വരെ പോകേണ്ട, വയനാട്ടില്‍ ഉള്ളവര്‍ക്കും മീശപ്പുലിമലയോട് സാദൃശ്യം തോന്നുന്ന കുറുമ്പാല കോട്ടയിലെത്തി സൂര്യോദയം കാണാം. സ്ത്രീകളും കുട്ടികളും അടക്കം ട്രക്കിംഗ് ഇഷ്ടപ്പെടുന്ന എല്ലാവരും വെളുപ്പിനെ തന്നെ മലകയറി സൂര്യോദയം കാണാന്‍ വരുന്നത് അവിടെ എത്തിയാല്‍ കാണാന്‍ സാധിക്കും. ഈ മലകയറിയ ക്ഷീണമൊക്കെ ആ സൂര്യോദയം കണ്ടു കഴിയുമ്പോള്‍ മാറുകയും ചെയ്യും.
മലമലമുകളില്‍ കുടിയേറ്റ കുടുംബങ്ങളും, ആദിവാസി കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഏകദേശം 2 കിലോമീറ്റര്‍ നടന്നാല്‍ മലമുകളിലെത്താം. വെളുപ്പിനെ അവിടെ എത്തിയാല്‍ മേഘ കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും സൂര്യന് ഉദിച്ച് വരുന്നത് കാണാം. പതുക്കെ ദൂരെയുള്ള മലകളും തെളിഞ്ഞ് വരും. ചുറ്റിലും മേഘ കൂട്ടങ്ങള്‍.. ആരും കാണാന്‍ കൊതിക്കുന്ന കാഴ്ച. കുറുമ്പാലകോട്ടയില്‍ നിന്ന് നോക്കിയാല്‍ ബാണാസുര മലനിരകള്‍ മുതല്‍ മക്കിമലയുടെയും ബ്രഹ്മഗിരി മലനിരകളുടെയും വിശാലമായ നാഗര്‍ഹോള വനമേഖലയുടെയും വിദൂര ദ്യശ്യങ്ങള്‍ കാണാം.
ഒരു കാലത്ത് ഈ മല ഏതോ ഒരു കുറുമ്പപാലകന്റെ(രാജാവ് ) കോട്ടയായിരുന്നത്രേ. ശത്രുവിന്റെ നീക്കങ്ങളെ കുറിച്ച് അറിയാനാകാം വയനാടിന്റെ ഒത്ത നടക്കുള്ള ഇവിടെ രാജാവ് കോട്ട കെട്ടിപ്പൊക്കിയത്. വയനാടിന് നടുക്കിട്ട ഉയരമുള്ള പീഠമാണ് ഈ മല. അതില്‍ കയറി നിന്ന് നോക്കുമ്പോള്‍ മലകള്‍ക്ക് നടുവിലെ ഈ ഭൂമിയുടെ സൗന്ദര്യം ഒപ്പിയെടുക്കാം. കുറുമ്പാലക്കോട്ട മലയുടെ ഒരു ഭാഗത്ത് പാറക്കെട്ടുകള്‍ തീര്‍ത്ത ഒരു കിടങ്ങുണ്ട്. കുത്തനെ നില്ക്കുന്ന പാറകളിലൂടെ ഊര്‍ന്നിറങ്ങി വേണം അതിനിരകിലെത്താന്‍.
സ്വാതന്ത്ര്യ സമരകാലത്ത് ബ്രട്ടീഷുകാരില്‍ നിന്നും രക്ഷ നേടുന്നതിനു വേണ്ടിയുള്ള പഴശ്ശിരാജയുടെ ഒളിത്താവളമായിരുന്നു കുറുമ്പാല മല എന്ന് പറയപ്പെടുന്നു.. പഴശ്ശി ഒളിച്ചു താമസിച്ചു എന്ന് കരുതപ്പെടുന്ന ഗുഹകളും മലയില്‍ കാണാം. കുറുമ്പാലക്കോട്ട സാഹസികര്‍ക്ക് മാത്രം എഴുതപ്പെട്ടതല്ല. അല്പം ദൂരം നടക്കാമെന്നുള്ള ആര്‍ക്കും ഈ മല കയറാം. ഇപ്പോള്‍ മലമുകളില്‍ വരെ വണ്ടികളില്‍ ചെന്നത്താം. കുറുമ്പാലക്കോട്ടയിലെ സൂര്യോദയം ഒന്ന് കാണേണ്ടത് തന്നെയാണ്.