അല്‍പ്പം റിസ്‌ക്കെടുക്കാന്‍ തയാറുള്ളവക്ക് കേരളത്തില്‍ നിന്നും ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന സ്ഥലമാണ് തമിഴ്‌നാട്ടിലെ കൊല്ലിമല. തമിഴ്നാടിന്റെ മധ്യഭാഗത്തായി നാമക്കല്‍ ജില്ലയിയില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കൊല്ലിമല. ഈസ്റ്റേണ്‍ ഘാട്ട് മല നിരകളുടെ ഭാഗമായ ഈ പ്രദേശം കടല്‍ നിരപ്പില്‍ നിന്നും ഏകദേശം 1300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ഒരു വലിയ വനമേഖലയ്ക്കു നടുവിലാണ് ഈ പ്രദേശം. പാലക്കാട് നിന്നും 250 കിലോമീറ്റര്‍ ദൂരമുണ്ട് കൊല്ലിമലയിലേക്ക്. ഭൂരിഭാഗവും ഉയര്‍ന്ന നിലവാരമുള്ള ഹൈവേ ആയതിനാല്‍ വേഗതയിലും ക്ഷീണമറിയാതെയും സഞ്ചരിക്കാനാവും. പാലക്കാട് നിന്നും വാളയാര്‍ കടന്ന് സേലം ഹൈവേയിലൂടെയാണ് ഇവിടേക്കെത്തുന്നത്.
വാളയാര്‍ സേലം റോഡില്‍ കുമരംപാളയം ,ശങ്കരി എന്നീ സ്ഥലങ്ങള്‍ കടന്ന് പാലക്കാട് നിന്നും 190 കിലോമീറ്റര്‍ അകലെ കാക്കാ പാളയം എന്ന സ്ഥലത്തെത്തിയാല്‍ വലത്തോട്ട് തിരിഞ്ഞ് കുറച്ച് ഉള്‍ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് മറ്റൊരു ഹൈവേയായ നാമക്കല്‍-സേലം ഹൈവേയില്‍ കയറി, നാമക്കല്‍ ദിശയിലേക്ക് സഞ്ചരിച്ച് കലങ്കണി എന്ന സ്ഥലത്തെത്തി, അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് തിരുമലപ്പട്ടി റൂട്ടില്‍ കൊല്ലിമലയിലേക്ക് പോകാം. ഭക്ഷണവും താമസ സൗകര്യവുമെല്ലാം ലഭിയ്ക്കുന്ന ഒരു സ്ഥലമാണ്. 70 ഹെയര്‍ പിന്‍ വളവുകള്‍ കയറിയാല്‍ 1300 മീറ്റര്‍ ഉയരത്തില്‍, കോടമഞ്ഞും തണുപ്പുമൊക്കെയായി കാലാവസ്ഥ മാറിമറിയുന്ന 280 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കൊല്ലിമലയില്‍ എത്താം.
ആദ്യമെത്തുക ഇവിടുത്തെ പ്രധാന ടൗണായ സെമ്മേടില്‍ ആണ്. അവിടെ നിന്നും കുറച്ച് മുന്നോട്ട് പോയാല്‍ മൂലക്കടൈ എന്ന ചെറിയ കവലയിലെത്തും. കൊല്ലി മലയിലെ ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നാണ് ആകാശഗംഗ വാട്ടര്‍ ഫാള്‍സ്. അര്‍പ്പളേശ്വര എന്ന ക്ഷേത്രത്തിനോട് ചേര്‍ന്നാണ് ഈ വെള്ളച്ചാട്ടം. വൈകുന്നേരം മൂന്ന് മണിക്ക് ശേഷം വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. പിന്നെ പോകാന്‍ പറ്റുന്ന ഒരു സ്ഥലമാണ് എട്ടുകയമ്മന്‍ ക്ഷേത്രം. ആ റൂട്ടില്‍ സഞ്ചരിച്ചാല്‍ കൊല്ലിമലയുടെ ഭൂപ്രകൃതിയും വിവിധ കൃഷിയിടങ്ങളും കാണാം. നെല്ലും നാണ്യവിളകളും പച്ചക്കറിയുമെല്ലാം അവിടെ കൃഷി ചെയ്യുന്നു. എട്ടു കയ്യമ്മന്‍ ക്ഷേത്രത്തില്‍ നിന്നും വീണ്ടും മുന്നോട്ട് പോയാല്‍ ആദ്യമെത്തിയ സെമ്മേട് ടൗണില്‍ത്തന്നെ തിരികെയെത്താം.