അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി കൗണ്‍സലിങ് മാറ്റിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ കൗണ്‍സലിങ് മാറ്റിവയ്ക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അഖിലേന്ത്യാ ക്വാട്ടയിലെ കൗണ്‍സലിങ് ഇന്നു തുടങ്ങാനിരിക്കെയാണ് നടപടി. നീറ്റ് യുജി പരീക്ഷയില്‍ കൃത്രിമത്വം നടന്നെന്ന ആരോപണം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
കേസിന്റെ വാദത്തിനിടെ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടും പ്രവേശന നടപടികള്‍ തടയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ്, സര്‍ക്കാര്‍ തന്നെ കൗണ്‍സലിങ് മാറ്റിവച്ചതായ റിപ്പോര്‍ട്ട് വരുന്നത്. പരീക്ഷ റദ്ദാക്കുന്നതിന് എതിരെ സര്‍ക്കാര്‍ നീറ്റ് പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങള്‍ ബാധിച്ചിട്ടില്ല. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. രാജ്യമൊട്ടാകെ നടത്തുന്ന പരീക്ഷയില്‍ വലിയ തോതില്‍ രഹസ്യസ്വഭാവം ലംഘിക്കപ്പെട്ടു എന്നതിന് തെളിവുകള്‍ ലഭിക്കാത്ത പശ്ചാത്തലത്തില്‍ നീറ്റ് യുജി പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു. പരീക്ഷ മൊത്തത്തില്‍ റദ്ദാക്കുന്നത് പരീക്ഷയെഴുതിയ സത്യസന്ധരായ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെയാണ് ബാധിക്കുകയെന്നും കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിക്കുന്നു.