Recipe

ചോറും കറിയുമൊക്കെ കഴിച്ച് മടുത്തോ? എങ്കില്‍ തയ്യാറാക്കി നോക്കാം ലെമണ്‍ റൈസ്-Lemon Rice Recipe

ഉച്ചയൂണിന് ചോറും കറിയും ഒക്കെ ഉണ്ടാക്കിയും കഴിച്ചും മടുത്തു എങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമാണ് ലെമണ്‍ റൈസ്. വളരെ കുറച്ച് സമയം കൊണ്ട് വളരെ കുറച്ച് ചേരുവകള്‍ മാത്രം മതി ഇത് തയ്യാറാക്കാന്‍. ചോറിന് മൂന്നുനാലും കറികളൊക്കെ വെച്ച് സമയം കളയുന്നതിനേക്കാള്‍ ഏറ്റവും നല്ലതാണ് ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കുന്നത്.

ആവശ്യമായ ചേരുവകള്‍

ബസ്മതി റൈസ് – 2 കപ്പ് (400 ഗ്രാം)
വെള്ളം- 8 കപ്പ്
ഉപ്പ്- 3 ടീസ്പൂണ്‍
എണ്ണ- 2 1/2 ടേബിള്‍സ്പൂണ്‍
കടുക്- 1/2 ടീസ്പൂണ്‍
ഉഴുന്ന്-1 ടേബിള്‍സ്പൂണ്‍
കടലപരിപ്പ്- 1 ടേബിള്‍സ്പൂണ്‍
കപ്പലണ്ടി- 2 ടേബിള്‍സ്പൂണ്‍
ഉണക്കമുളക്-2 എണ്ണം
പച്ചമുളക്- 2 എണ്ണം നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി – 1/2 ഇഞ്ച് ചെറുതായി അരിഞ്ഞത്
കറിവേപ്പില- ആവശ്യത്തിന്
കായപ്പൊടി- കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
നാരങ്ങനീര് – 2 ടേബിള്‍സ്പൂണ്‍

ഇനി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം..

ബസ്മതി റൈസ് ഏകദേശം 30 മിനുട്ട് വരെ വെള്ളത്തില്‍ കുതിര്‍ക്കുക. പിന്നീട് വെള്ളം ഊറ്റി കളയുക. അരി വേവിക്കുന്നതിനായി 8 കപ്പ് വെള്ളം ഗ്യാസില്‍ വെക്കുക. തിളക്കാന്‍ തുടങ്ങുമ്പോള്‍ 3 ടീസ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. അതിലേക്ക് നേരത്തെ കുതിര്‍ത്തുവച്ച അരി ചേര്‍ക്കുക. അരി ഉടഞ്ഞു പോവാത്ത രീതിയില്‍ വേവിക്കുക. വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റി കളഞ്ഞ് ചോറ് മാറ്റിവയ്ക്കുക.

ഒരു പാന്‍ എടുത്ത് അടുപ്പില്‍ വെച്ച് അതിലേക്ക് 2 1/2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടായതിന് ശേഷം 1/2 ടീസ്പൂണ്‍ കടുക് ഇടുക. കടുക് പൊട്ടിയതിന് ശേഷം ഉഴുന്ന് ഇടുക. കടലപരിപ്പ് ഒരു ടേബിള്‍സ്പൂണ്‍, രണ്ട് ടേബിള്‍ സ്പൂണ്‍ കപ്പലണ്ടി, 2 ഉണക്കമുളക് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി റോസ്റ്റ് ചെയ്യുക. ഇതിലേക്ക് പച്ചമുളക് രണ്ടെണ്ണം, 1/2 ഇഞ്ചി ചെറുതായി അരിഞ്ഞത്, അല്‍പ്പം കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കുക. കായപ്പൊടി കാല്‍ ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍ എന്നിവ ചേര്‍ത്ത് തീ ഓഫ് ചെയ്ത് ഇളക്കി യോജിപ്പിക്കുക. ഒന്ന് ചൂടാറിയ ശേഷം 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. 1 1/2 ടീസ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. നന്നായി യോജിപ്പിക്കുക ശേഷം നേരത്തെ മാറ്റിവെച്ച ചോറ് ഇടുക. മല്ലിയിലയും ചേര്‍ത്ത് മീഡിയം തീയില്‍ ഒന്നുകൂടി വേവിക്കുക. 5 മിനുട്ടിന് ശേഷം തീ ഓഫ് ചെയ്ത് ഇറക്കിവയ്ക്കുക. നല്ല രുചിയുളള ലെമണ്‍ റൈസ് തയ്യാര്‍.