ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഇടുക്കി ജില്ലയിലെ മനോഹരമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് പാഞ്ചാലിമേട്. കേരള സര്‍ക്കാരിന്റെ ഇക്കോ ടൂറിസം പദ്ധതിയാണിത്. കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ആണ് ഇത് വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. തണുത്ത കാലാവസ്ഥയും ഉന്മേഷദായകമായ കാറ്റും ഇവിടുത്തെ പ്രത്യേകതയാണ്. ഈ സ്ഥലം മനോഹരമായ അന്തരീക്ഷമാണ് പ്രദാനം ചെയ്യുന്നത്. ഇടുക്കി ജില്ലയില്‍ നിന്നു മകരജ്യോതി കാണുവാന്‍ പറ്റിയ സ്ഥലമാണിത്. മകരവിളക്കിനോട് അനുബന്ധിച്ച നിരവധി വിശ്വാസികള്‍ ഇവിടേക്ക് വരാറുണ്ട്.
പാഞ്ചാലിയുടെ പേരുള്ള ഈ സ്ഥലം പാഞ്ചാലിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. വനവാസക്കാലത്ത് പാണ്ഡവര്‍ തങ്ങളുടെ ഭാര്യയായ പാഞ്ചാലിക്കൊപ്പം നാളുകള്‍ ഇവിടെ താമസിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. അവര്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലമെന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. പാണ്ഡവരും പാഞ്ചാലിയും വസിച്ചിരുന്നു എന്ന വാദത്തിനു ബലമേകുന്ന കാഴ്ചകളും വിശ്വാസങ്ങളും ഇവിടെ ഒരുപാടുണ്ട്. പാഞ്ചാലിക്കുളം, ആനക്കല്ല്, ഗുഹ, അടുപ്പുകല്ലുകള്‍ എന്നിങ്ങനെ കുറേ കാഴ്ചകളുണ്ട്. ഓരോന്നിനും ഓരോ കഥകളും സ്വന്തമായുണ്ട്. പാണ്ഡവര്‍ ഭക്ഷണം പാകം ചെയ്യാനുപയോഗിച്ച കല്ലുകളാണ് അടുപ്പു കല്ലുകള്‍ എന്നറിയപ്പെടുന്നത്. പാഞ്ചാലിക്ക് കുളിക്കുവാനായി ഭീമന്‍ നിര്‍മ്മിച്ച പാഞ്ചാലിക്കുളം, അവര്‍ താമസിച്ചിരുന്നുവെന്ന് കരുതുന്ന ഗുഹ (പാണ്ഡവഗുഹ), അവിടെ ഭീമന്റെ കാല്‍പ്പാടുകള്‍, തന്നെ ഉപദ്രവിക്കുവാനായി ഓടിയെത്തിയ ആനയെ പാഞ്ചാലി ശപിച്ച് കല്ലാക്കി മാറ്റിയ ആനക്കല്ല് എന്നിവ ഇതിനുദാഹരണങ്ങളാണ്. എത്ര നേരം ചിലവഴിച്ചാലും ഒട്ടും മടുക്കില്ലാത്ത കാഴ്ചകളാണ് ഇവിടെയുള്ളത്. സൂര്യോദയം കാണുവാന്‍ സാധിക്കുന്ന രീതിയില്‍ വരുന്നത് കുറച്ചുകൂടി നല്ലതായിരിക്കും. ഉച്ചസമയത്ത് അവിചാരിതമായി മഞ്ഞ് വരുമെങ്കിലും വെയിലും കാണും. അല്ലെങ്കില്‍ വൈകുന്നേരം നാലു മണിയോടു കൂടി കാണുവാന്‍ കയറാം.
പഞ്ചാലിമേട്ടിലെ ശ്രീഭുവനേശ്വരി ക്ഷേത്രവും വളരെ പ്രശസ്തമാണ്. പാണ്ഡവര്‍ ഇവിടെ നിന്നും മടങ്ങുന്നതിനു മുന്‍പ് തങ്ങള്‍ ആരാധിച്ചിരുന്ന ദുര്‍ഗ്ഗാ ദേവിയുടെ വിഗ്രഹം ഇവിടുത്തെ മലയരയന്മാര്‍ക്കു നല്‍കി എന്നും അതിനെ ആരാധിക്കണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തുവത്രെ. അവര്‍ തങ്ങളുടെ രീതിയില്‍ ആ വിഗ്രഹത്തെ ആരാധിച്ചുവെന്നും അത് ദോഷകരമായി ഭവിച്ചുവെന്നുമാണ് ഒരു വിശ്വാസം. തുടര്‍ന്ന് ഇവിടെ ആരും വസിക്കാതെ വരികയും പിന്നീട് ഇവിടുത്തെ ദേവി സ്വയം വള്ളിയങ്കാവ് ക്ഷേത്രത്തിലേക്ക് പോവുകയും ചെയ്തുവത്രെ. വള്ളിയങ്കാവ് ക്ഷേത്രത്തിന്റെ മൂലസ്ഥാനം പാഞ്ചാലിമേട്ടിലാണ്. മുണ്ടക്കയത്തു നിന്നും പതിനാറു കിലോമീറ്റര്‍ അകലെയാണ് വള്ളിയാങ്കാവ് ശ്രീഭദ്രകാളി ക്ഷേത്രമുള്ളത്. ഇപ്പോള്‍ ഇവിടെ, ഭുവനേശ്വരി ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഒരു ചെറിയ ക്ഷേത്രം കാണാം.
ഇടുക്കി ജില്ലയില്‍ കുട്ടിക്കാനത്തിന് അടുത്തായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയം – കുമളി പാതയിലെ മുറിഞ്ഞപുഴയില്‍ നിന്നും ഏകദേശം നാലു കിലോമീറ്റര്‍ ദൂരെയായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്നും വരുമ്പോള്‍, മുണ്ടക്കയം-തെക്കേമല വഴിയും ഇടുക്കി ഭാഗത്തു നിന്നു വരുമ്പോള്‍ കുട്ടിക്കാനം വഴിയും ഇവിടേക്കെത്താം. കോട്ടയത്തു നിന്നും 60 കിലോമീറ്ററും കുട്ടിക്കാനത്തു നിന്നു പത്തു കിലോമീറ്ററുമാണ് ദൂരം. മുറിഞ്ഞ പുഴയില്‍ നിന്നും ഇതിന്റെ പ്രവേശന കവാടം കാണാം. 22 കിലോമീറ്റര്‍ അകലെയുള്ള പരുന്തുംപാറ , കുട്ടിക്കാനം-മുണ്ടക്കയം റോഡിലെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, പത്തു കിലോമീറ്റര്‍ അകലെയുള്ള വള്ളിയാങ്കാവ് ശ്രീഭദ്രകാളി ക്ഷേത്രം തുടങ്ങിയവയാണ് സമീപത്തെ പ്രധാന ആകര്‍ഷണങ്ങള്‍.